നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ കുലുക്കി കൊന്നു;  ഇന്ത്യന്‍ വംശജയ്‌ക്കെതിരെ നരഹത്യ കേസ്

ലണ്ടന്‍- ആറ് മാസം പ്രായമുണ്ടായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതുമൂലം കൈയിലെടുത്തു കുലുക്കി കൊന്നെന്ന കേസില്‍ ഇന്ത്യന്‍ വംശജയായ അമ്മയ്‌ക്കെതിരെ നരഹത്യ കേസ്. നഴ്‌സറി ജോലിക്കാരിയായ 35കാരി രവീന്ദര്‍ ഡിയോള്‍ ആണ് സ്വന്തം കുഞ്ഞിന്റെ മരണത്തില്‍ നിയമ നടപടി നേരിടുന്നത്. ആറ് മാസം പ്രായമുണ്ടായിരുന്ന മകള്‍ രവ്‌നീതിന്റെ മരണമാണ് അമ്മയെകുടുക്കിയത്.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ പങ്കാളി ഉറങ്ങുമ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നതാണ് ഡിയോളിനെ കുഴപ്പത്തിലാക്കിയത്. കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ പങ്കാളിയുടെ ഉറക്കം തടസപ്പെടുമെന്നു കരുതി കുഞ്ഞിനെ കൈയിലെടുത്തു ശക്തമായി കുലുക്കി ഉറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. മാസം തികയാതെ പ്രസവിച്ച രവ്‌നീത് തീരെ ചെറിയ കുഞ്ഞായിരുന്നു. ബക്കിംഗ്ഹാംഷയര്‍ എയില്‍സ്ബറിയിലെ കുടുംബ വീട്ടില്‍ നിന്നും അടുത്തുള്ള സ്‌റ്റോക് മാന്‍ഡെവില്ലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. 
2016 ഏപ്രില്‍ 3നായിരുന്നു കുഞ്ഞ് മരിച്ചത്. അപകടത്തില്‍ പെടാതെ തലയ്ക്ക് ഏറ്റ പരുക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. 
മൂന്ന് മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ പരിപാലിച്ച ചൈല്‍ഡ്‌കെയറില്‍ പത്ത് വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ഡിയോളെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിപ്പിള്‍ മുന്‍പാകെ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ഇവര്‍ ശക്തമായി കുലുക്കിയതാണ് മരണകാരണം. ഈ രീതിയില്‍ പെരുമാറിയെന്ന് ഇവര്‍ സമ്മതിക്കുയും ചെയ്തു. വിചാരണ തുടരുകയാണ്. 

Latest News