ഭരണഘടന അംഗീകരിക്കാത്തവര്‍  ഇന്ത്യ വിട്ടു പോകണം- കേന്ദ്ര മന്ത്രി 

മുംബൈ- ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്തവര്‍ രാജ്യം വിട്ട് പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. 
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 62ാം വാര്‍ഷികം ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ തന്റെ പാര്‍ട്ടിക്ക് ഒരു അസംബ്ലി സീറ്റെങ്കിലും നല്‍കാന്‍ ദേവേന്ദ്ര ഫട്‌നവിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ദളിത് സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതാവു കൂടിയായ അത്താവലെ കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന അത്താവലെയുടെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം ആധുനിക സാങ്കേതികത വിദ്യയുടെ വളര്‍ച്ചയാണെന്ന് പറഞ്ഞ മന്ത്രി മുന്‍പ് ആയിരം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളതെന്നും വ്യക്തമാക്കിയിരുന്നു. 

Latest News