രാഹുല്‍ഗാന്ധിയുടെ സമരപ്പന്തല്‍ സന്ദര്‍ശനം: കൊതിച്ചതു കേള്‍ക്കാനാകാത്തതിന്റെ നിരാശയില്‍ ജനക്കൂട്ടം

കല്‍പറ്റ-ദേശീയപാത 766ലെ രാത്രിയാത്ര വിലക്കു നീക്കണമെന്നു ആവശ്യപ്പെട്ടും പാത അടച്ചിടാനുള്ള നീക്കത്തിനെതിരെയും സര്‍വകക്ഷി  ആക് ഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ യുവജനസംഘടനകളുടെ  കൂട്ടായ്മ നടത്തുന്ന നിരാഹാരസമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ രാഹുല്‍ഗാന്ധിയില്‍നിന്നു കൊതിച്ചതു കേള്‍ക്കാനാകാത്തതിന്റെ നിരാശയില്‍ ജനക്കൂട്ടം.

രാത്രിയാത്ര നിരോധനം നീക്കുന്നതിനു സഹായകമായ നിലപാട് സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിലും പാത അടയ്ക്കുന്നതു ഒഴിവാക്കുന്നതിനു ഉതകുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലും ഇടപെടുമെന്ന പ്രഖ്യാപനം രാഹുല്‍ഗാന്ധിയില്‍നിന്നു ഉണ്ടാകുമെന്നാണ് സ്വതന്ത്രമൈതാനിയില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടം പ്രതീക്ഷിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2019/10/04/wyd-04rahul1174913.jpg

ദേശീയപാത വിഷയം ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ചെയര്‍മാനുമായ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അവതരിപ്പിക്കുമെന്നു ലോകനേതാക്കളുടെ നിരയിലുള്ള രാഹുല്‍ഗാന്ധി പ്രസ്താവിക്കുമെന്നും  ജനക്കൂട്ടം കരുതി. എന്നാല്‍ ദേശീയപാത വിഷയത്തില്‍ വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കും. പ്രശ്‌നപരിഹാരത്തിനു ബുദ്ധിപരവും സൂക്ഷ്മബോധമുള്ളതുമായ ഇടപെടല്‍ നടത്തും. സുപ്രീം കോടതിയിലുള്ള കേസില്‍ പാര്‍ട്ടിയിലെ പ്രമുഖ അഭിഭാഷകരുടെ സേവനം ഉറപ്പുവരുത്തും...എന്നിങ്ങനെ ജനങ്ങളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ കഴിയാത്ത പ്രസ്താവനകളാണ് രാഹുല്‍ഗാന്ധി നടത്തിയത്.

കോഴിക്കോടുനിന്നു കാര്‍മാര്‍ഗം രാവിലെ ഒമ്പതോടെയാണ് രാഹുല്‍ഗാന്ധി സമരപ്പന്തലിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എം.കെ.രാഘവന്‍ എം.പി എന്നിവര്‍ അദ്ദേത്തിനൊപ്പം ഉണ്ടായിരുന്നു. സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, കണ്‍വീനറും സി.പി.എം നേതാവുമായ സുരേഷ്താളൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ.അബ്രഹാം, കണ്‍വീനര്‍ ടി.മുഹമ്മദ്  എന്നിവരുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയെ സ്വീകരിച്ചു.

പന്തലില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന അഞ്ചു യുവാക്കളെയും സന്ദര്‍ശിച്ചശേഷമാണ് രാഹുല്‍ഗാന്ധി വേദിയിലെത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. രാഹുലിന്റെ സമരപ്പന്തല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങളുടെ പ്രതിനിധികളടക്കം എത്തിയിരുന്നു. സദസിനു സുപ്രഭാതം ആശംസിച്ചു രാഹുല്‍ഗാന്ധി തുടങ്ങിയ പ്രസംഗം കെ.സി. വേണുഗോപാലാണ് പരിഭാഷപ്പെടുത്തിയത്.

വയനാടിനെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായ വിഷയം മുന്‍നിര്‍ത്തി ചെറുപ്പക്കാര്‍ നിരാഹാരസമരം നടത്തുന്നതു അറിഞ്ഞാണ് ബത്തേരിയില്‍ എത്തിയതെന്നു രാഹുല്‍ഗാന്ധി പറഞ്ഞു. സമരം ചെയ്യുന്ന യുവാക്കള്‍ വ്യത്യസ്ത ജനവിഭാഗങ്ങളെയും ചിന്തകളെയും വിഷമതകളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ദേശീയപാതയിലെ രാത്രിയാത്ര നിരോധന പ്രശ്‌നത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നായിച്ചേര്‍ന്നിരിക്കയാണ്. ദേശീയപാത സംരക്ഷിക്കണമെന്നതില്‍  രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്ല. യാത്രാവിലക്കു ബുദ്ധിപരമായി പരിഹരിക്കേണ്ട ഒന്നാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ക്കു വിരാമമാകണം. വയനാടന്‍ ജനതയുടെ യാത്രാദുരിതം അവസാനിപ്പിക്കാനും വന്യജീവി സംരക്ഷണം ഉറപ്പുവരുത്താനും കഴിയുന്ന വിധത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാണെന്നാണ് വിശ്വാസം. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇതു സാധ്യമായിട്ടുണ്ട്. വയനാടിനോടു മാത്രമായി വ്യത്യസ്ത സമീപനം ഉണ്ടാകാന്‍ പാടില്ല. അനുഭാവപൂര്‍ണമായ ഇടപെടലാണ് ഭരണാധികാരികളുടെ ഭാഗത്തുണ്ടാകേണ്ടത്. ദേശീയപാതയിലെ യാത്രാവിലക്കു സുപ്രീം കോടതിയിലുള്ള നിയമപ്രശ്‌നമാണ്. കേസില്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍ വയനാടിനുവേണ്ടി സുപ്രീം കോടതിയില്‍ വാദിക്കും. എംപി എന്ന നിലയില്‍ ദേശീയപാത വിഷയത്തില്‍ വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കും. ബുദ്ധിപരവും സൂക്ഷ്മബോധമുള്ളതുമായ ഇടപെടല്‍ നടത്തും. ത്യാഗപൂര്‍ണമായ സമരം ചെയ്യുന്ന ചെറുപ്പക്കാരോടു നാട് കടപ്പെട്ടിരിക്കയാണ്. ദേശീയപാതയിലെ രാത്രിയാത്ര നിരോധന വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും  കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഏറ്റവും ഒടുവില്‍ കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 

Latest News