Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ട ആക്രമണങ്ങൾക്ക് എതിരെ പ്രതികരിക്കുന്നവരെ രാജ്യ ദ്രോഹികളാക്കുന്നു; ജനം പ്രതികരിക്കണം- വി.എസ്

തിരുവനന്തപുരം- അടൂർ ഗോപാലകൃഷ്ണനടക്കം അൻപത് പേർക്കെതിരെ കേസെടുത്ത നടപടിയിൽ ശക്തമായ വിമർശനവുമായി സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. കൊലപാതകം ചൂണ്ടിക്കാണിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും ഇതിനെതിരെ ഓരോ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വി.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പത്മശ്രീ അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ മണിരത്‌നം, പത്മഭൂഷൺ രാമചന്ദ്ര ഗുഹ, പത്മഭൂഷൺ ശ്യാം ബെനഗൽ എന്നിങ്ങനെ അൻപതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പൗരൻ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സർക്കാരിൻറെ നിലപാട്. 'അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല' എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയിൽ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികൾക്ക് മനസ്സിലാവാത്ത ഭാഷയിൽ കത്തയക്കുന്നതിൻറെ പേരിലായിരുന്നു ഇവർക്കെതിരെ കേസെടുത്തതെങ്കിൽ അത് ഇന്ത്യയിലെ ജനങ്ങൾക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വർധിതമായ തോതിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിൽ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബിജെപി എന്നത് വർഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിൻറെ പിടിയിലാണെന്നും പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യിൽ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിൻറെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാർഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകൾ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദർഭമാണിത്.
 

Latest News