Sorry, you need to enable JavaScript to visit this website.

'ഐഫോണ്‍ എന്നെ സ്വവര്‍ഗാനുരാഗി ആക്കി'; ആപ്‌ളിനെതിരെ കേസുമായി റഷ്യക്കാരന്‍

മോസ്‌കോ- ഐഫോണിലെ ഒരു ആപ്പ് ഉപയോഗം തന്നെ സ്വവര്‍ഗ ലൈംഗിക തല്‍പ്പരനാക്കിമാറ്റിയെന്ന അസാധാരണ പരാതിയുമായി റഷ്യന്‍ യുവാവ് കോടതിയെ സമീപിച്ചു. ഐഫോണ്‍ നിര്‍മാതാക്കളായ യുഎസ് ടെക്ക് ഭീമന്‍ ആപ്‌ളിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. നഷ്ടപരിഹാരമായി 10 ലക്ഷം റൂബിള്‍സ് (10 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ മോസ്‌കോയിലെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു ആപ്പിലൂടെ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ 'ഗേ കോയിന്‍' എന്ന ക്രിപ്‌റ്റോകറന്‍സിയാണ് ലഭിച്ചതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. പരാതി ഗൗരവത്തിലുള്ളതാണെന്നും തന്റെ കക്ഷി ഇതുമൂലം പ്രയാസം നേരിട്ടതായും അഭിഭാഷകന്‍ എഎഫ്പിയോട് പറഞ്ഞു. 

'ഒരു ശ്രമം നടത്താതെ വിലയിരുത്തരുത്' എന്ന കുറിപ്പും ഗേ കോയിനൊപ്പം ലഭിച്ചതായി പരാതിക്കാരന്‍ പറയുന്നു. ഇത് കണക്കിലെടുത്ത് ഒരു ശ്രമം നടത്തി നോക്കാമെന്നു വച്ച് സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ചതായും തന്റെ ബോയ് ഫ്രണ്ടുമായുള്ള ബന്ധം എങ്ങനെ മാതാപിതാക്കളോട് പറയുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു. ജീവീതം തന്നെ കീഴ്‌മേല്‍ മറിഞ്ഞുവെന്നും ഇനി സാധാരണ നിലയിലേക്ക് തിരിച്ചെത്തില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വളഞ്ഞ വഴിയിലൂടെ ആപ്ള്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റുകയായിരുന്നു. ഇത് തന്നെ സദാചാരപരമായും മാനസികമായും പരിക്കേല്‍പ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. 

ഇതു സംബന്ധിച്ച് ആപ്ള്‍ പ്രതികരിച്ചിട്ടില്ല. സെപ്തംബര്‍ 20നാണ് ഈ പരാതി കോടതിയിലെത്തിയത്. ഒക്ടോബര്‍ 17ന് കോടതി ഇതു പരിഗണിക്കാനിരിക്കുകയാണ്.    
 

Latest News