മധ്യപ്രദേശില്‍ ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു; ചിത്രത്തില്‍ 'രാജ്യദ്രോഹി' എന്ന അധിക്ഷേപവും

ഭോപാല്‍- മധ്യപ്രദേശിലെ റേവയില്‍ മഹാത്മാ ഗാന്ധി സ്മാരക മന്ദിരമായ ബാപ്പു ഭവനില്‍ സൂക്ഷിച്ച രാഷ്ട്രപിതാവിന്റെ ചിതാ ഭസ്മം അജ്ഞാതർ മോഷ്ടിച്ചു. മന്ദിരത്തിനുള്ളില്‍ ഗാന്ധിജിയുടെ ചിത്രം പതിച്ച ബോര്‍ഡിനു മേല്‍ രാജ്യ ദ്രോഹി എന്ന് എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ 150ാം ജയന്തി ദിനത്തോടനുബന്ധിച്ച് ആദരമര്‍പ്പിക്കാനെത്തിയ റേവ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുര്‍മീത് സിങും പാർട്ടി പ്രവർത്തകരുമാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഈ കൃത്യം ചെയ്ത അജ്ഞാത സാമുഹ്യ ദ്രോഹികള്‍ക്കെതിരെ ഗുര്‍മീത് സിങ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഇത് ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ സ്‌നേഹിക്കുന്നവരുടെ ചെയ്തിയാണെന്ന് സംശയമുണ്ട്. ഈ വിദ്വേഷം ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട്. പോലീസ് ഉടന്‍ പ്രതികളെ കണ്ടെത്തി പിടികൂടണം- ഗുര്‍മീത് സിങ് പറഞ്ഞു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റേവ ജില്ലാ പോലീസ് മേധാവി ആബിദ് ഖാന്‍ അറിയിച്ചു. ബാപ്പു ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
 

Latest News