Sorry, you need to enable JavaScript to visit this website.

ബാങ്ക് അടച്ചുപൂട്ടി; കോടീശ്വരിയായ ഭിക്ഷക്കാരിയുടെ കള്ളി വെളിച്ചത്തായി

കോടീശ്വരിയായ യാചകി വഫാ മുഹമ്മദ് അവദ്
വഫയുടെ പേരിൽ ലെബനീസ് സെൻട്രൽ ബാങ്കിൽനിന്ന് നൽകിയ ഡിമാന്റ് ഡ്രാഫ്റ്റുകൾ. 

ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ ഒമ്പത് ലക്ഷത്തിലേറെ ഡോളർ

റിയാദ് - ഉദാരമതികൾ നൽകുന്ന ചില്ലറത്തുട്ടുകളും മുഷിഞ്ഞ നോട്ടുകളും സ്വരൂപിച്ച് ലെബനോനിലെ ഭിക്ഷക്കാരി സമ്പാദിച്ച പണം അറിഞ്ഞ് അന്നാട്ടുകാർ മാത്രമല്ല, ലോകം തന്നെ ഞെട്ടി. യാചകവൃത്തി തൊഴിലാക്കിയ വഫാ മുഹമ്മദ് അവദ് ഹജ്ജുമ്മയുടെ അക്കൗണ്ടിൽ കണ്ടെത്തിയത് ഒമ്പതു ലക്ഷത്തിലേറെ അമേരിക്കൻ ഡോളർ (ആറര കോടിയോളം രൂപ). 

https://www.malayalamnewsdaily.com/sites/default/files/2019/10/03/p2begg2.jpg
ഹിസ്ബുല്ലക്കും ഇറാനിലെ മറ്റൊരു ഭീകര സംഘടനക്കും ബാങ്കിംഗ് സേവനങ്ങൾ നൽകിയതിന്റെ പേരിൽ അമേരിക്ക ഭീകര സ്ഥാപനമായി പ്രഖ്യാപിച്ച് ഉപരോധമേർപ്പെടുത്തിയ ലെബനോനിലെ ജമാൽ ട്രസ്റ്റ് ബാങ്ക് അടച്ചുപൂട്ടിയപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. കഴിഞ്ഞ മാസം 19 നാണ് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ഇതേതുടർന്ന് ഇടപാടുകാരുടെ അക്കൗണ്ടുകളിലെ പണം കേന്ദ്ര ബാങ്ക് വഴി മറ്റു ബാങ്കുകളിലേക്ക് മാറ്റി. കൂട്ടത്തിൽ വഫാ മുഹമ്മദ് അവദ് ഹജ്ജുമ്മയുടെ പണവും മറ്റു ബാങ്കുകളിലേക്ക് മാറ്റി. ജമാൽ ട്രസ്റ്റ് ബാങ്കിൽ 134 കോടി ലെബനോൻ ലീറയുടെ നിക്ഷേപങ്ങളാണ് വഫാ ഹജ്ജുമ്മക്കുണ്ടായിരുന്നത്. ഈ പണം മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിന് വഫാ ഹജ്ജുമ്മയുടെ പേരിൽ കേന്ദ്ര ബാങ്കിൽനിന്ന് നൽകിയ രണ്ടു ഡിമാന്റ് ഡ്രാഫ്റ്റുകളുടെ ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സഹായങ്ങൾ തേടി തങ്ങൾക്കു മുന്നിൽ കൈനീട്ടുന്ന വൃദ്ധ കോടീശ്വരിയാണെന്ന് ലെബനോനികൾ അറിഞ്ഞത്. വഫാ ഹജ്ജുമ്മയുടെ പേരിൽ ലെബനീസ് സെൻട്രൽ ബാങ്ക് നൽകിയ 75 കോടി ലീറയുടെയും 58.9 കോടി ലീറയുടെയും രണ്ടു ഡിമാന്റ് ഡ്രാഫ്റ്റുകളുടെ ഫോട്ടോകൾ പുറത്തുവന്നത്.

 

ദക്ഷിണ ലെബനോനിലെ സിദോൻ നഗരവാസിയാണ് വഫാ ഹജ്ജുമ്മ. നിത്യവൃത്തിക്കും അന്നത്തിനുള്ള വകതേടിയും തെരുവുകളിലൂടെ അലയുന്ന ദരിദ്ര സ്ത്രീയായാണ് ഇവർ നഗരവാസികൾക്കിടയിൽ ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. എന്നാൽ ജമാൽ ട്രസ്റ്റ് ബാങ്കിന്റെ അടച്ചുപൂട്ടൽ ഇവരുടെ കള്ളി വെളിച്ചത്താക്കി. ഇപ്പോൾ ഇവർക്ക് മറ്റു ബാങ്കുകളിലും നിക്ഷേപങ്ങളുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാർ. 


സിദോനിലെ പ്രശസ്തമായ ആശുപത്രിക്കു മുന്നിലാണ് വഫാ ഹജ്ജുമ്മ പ്രധാനമായും ഭിക്ഷ യാചിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി  ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഇവരെ സ്ഥിരമായി കാണാമായിരുന്നുവെന്ന് ഇവിടുത്തെ നഴ്‌സ് ഹനാ പറഞ്ഞു. 


ലെബനോനിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യുന്ന സമാന രീതിയിലുള്ള രണ്ടാമത്തെ സംഭവമാണിത്. മാസങ്ങൾക്കു മുമ്പ് മരിച്ച മറ്റൊരു ഭിക്ഷക്കാരിയുടെ അക്കൗണ്ടിൽ പത്തു ലക്ഷത്തിലേറെ ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു. ബെയ്‌റൂത്തിലെ ഫാതിമ ഉസ്മാൻ എന്ന ഭിക്ഷക്കാരി 2018 മേയിൽ മരിച്ച ശേഷമാണ് അവരുടെ അക്കൗണ്ടിൽ ഭീമമായ തുകയുടെ നിക്ഷേപമുള്ളതായി പുറംലോകം അറിഞ്ഞത്. വൻ തുക സമ്പാദ്യമുണ്ടായിട്ടും മറ്റുള്ളവരുടെ അനുകമ്പ പിടിച്ചുപറ്റുന്നതിനായി കൊടും ദാരിദ്ര്യത്തിലായിരുന്നു ഇവർ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയത്. സ്വാഭാവിക രീതിയിലായിരുന്നു ഇവരുടെ മരണം.

Latest News