Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം.

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഇക്കഴിഞ്ഞ ദുൽഹജ് ഏഴിന് (ഓഗസ്റ്റ് 8) യാത്രക്കാരുടെ എണ്ണം 24 മണിക്കൂറിനിടെ ഒരു ലക്ഷം കവിഞ്ഞു. 1983 ൽ റിയാദ് എയർപോർട്ട് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും പേർ ഒരു ദിവസം വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. ഓഗസ്റ്റ് എട്ടിന് 1,01,510 പേരാണ് റിയാദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 


ഓഗസ്റ്റ് അഞ്ച് മുതൽ 31 വരെയുള്ള 27 ദിവസങ്ങളിൽ റിയാദ് എയർപോർട്ട് വഴി 21,89,550 പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 81,094 പേർ. 27 ദിവസത്തിനിടെ ആകെ 15,101 വിമാന സർവീസുകളാണ് റിയാദ് വിമാനത്താവളത്തിൽ നടത്തിയത്. പ്രതിദിനം ശരാശരി 559 സർവീസുകൾ. ഇക്കാലയളവിൽ യാത്രക്കാരുടെ 18,28,198 ബാഗേജുകളും റിയാദ് എയർപോർട്ട് കൈകാര്യം ചെയ്തു. 


റിയാദിൽ നിന്ന് ഏറ്റവും കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തിയതും ഏറ്റവും കൂടുതൽ യാത്ര ചെയ്തതും ജിദ്ദയിലേക്കും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ നടത്തിയത് ദുബായിലേക്കുമാണെന്ന് റിയാദ് എയർപോർട്‌സ് കമ്പനി റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റിയാദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 2.8 ശതമാനവും സർവീസുകളുടെ എണ്ണത്തിൽ 2.3 ശതമാനവും വർധന രേഖപ്പെടുത്തി. 


യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ട്രാൻസിറ്റ് യാത്രക്കാരുടെ ലഗേജുകൾ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നൽകുന്ന സേവനം അടുത്തിടെ റിയാദ് എയർപോർട്‌സ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിദേശങ്ങളിൽനിന്ന് റിയാദ് വിമാനത്താവളത്തിൽ എത്തി ട്രാൻസിറ്റായി സൗദിയിലെ മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ റിയാദ് എയർപോർട്ടിൽ ലഗേജുകൾ സ്വീകരിച്ച് ആഭ്യന്തര സർവീസ് നടത്തുന്ന വിമാന കമ്പനിയുടെ കൗണ്ടറിൽ ഏൽപിക്കേണ്ടതില്ല. ഇവരുടെ ലഗേജുകൾ അന്തിമ ലക്ഷ്യസ്ഥാനത്ത് നേരിട്ട് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ റിയാദ് എയർപോർട്‌സ് കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഏറെ സമയവും അധ്വാനവും ലാഭിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്നു. 

Latest News