Sorry, you need to enable JavaScript to visit this website.

മരടും മൂന്നാറും

തീരദേശ നിയമം ലംഘിച്ചും, കായലും വയലും നികത്തിയും, കുന്നിടിച്ചും സർക്കാർ ഭൂമി കയ്യേറിയുമൊക്കെയാണ് നമ്മുടെ നാട്ടിലെ പല ഫഌറ്റ് സമുച്ചയങ്ങളും, നക്ഷത്ര ഹോട്ടലുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും, മാളുകളും, തിയേറ്റർ സമുച്ചയങ്ങളും കൺവെൻഷൻ സെന്ററുകളും, ആശുപത്രികളുമെല്ലാം ഉയർന്നിട്ടുള്ളത്. ഇക്കൂട്ടത്തിൽ സ്വകാര്യ സംരംഭങ്ങൾ മാത്രമല്ല സർക്കാർ സ്ഥാപനങ്ങളുമുണ്ട്. സുപ്രീം കോടതി വിധി ഇവിടെയെല്ലാം ബാധകമാക്കിയാൽ എന്തായിരിക്കും സ്ഥിതി 


കൊച്ചി നഗരത്തോട് ചേർന്ന് മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ആഡംബര ഫഌറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതിയുടെ കർശന നിലപാട് നിയമലംഘകരുടെ കരണത്തേറ്റ അടിയാണ്. കോടതി ഇത്രയും കാർക്കശ്യം കാണിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുമ്പോഴും, ഇപ്പോഴെങ്കിലും കാർക്കശ്യം കാണിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ എന്ന മറുചോദ്യവും പ്രസക്തമാകുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് അരുൺ മിശ്ര പിടിച്ച പിടിയാലെ നിന്നതോടെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും വ്യവസായ, ഉദ്യോഗസ്ഥ ലോബികളും, സ്വപ്‌ന ഭവനം വിട്ടൊഴിയേണ്ടിവരുന്ന താമസക്കാരും, അവരോട് അനുതാപം പ്രകടിപ്പിച്ച സാധാരണ ജനങ്ങളുമെല്ലാം നിസ്സഹായരായി. താമസക്കാർ കണ്ണീരോടെ ഫഌറ്റുകൾ ഒഴിയുകയാണ്. ഏതാനും ദിവസങ്ങൾക്കകം പതിനഞ്ചും ഇരുപതും നിലകളുള്ള കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങും.
കൊച്ചി കായലിനോട് ചേർന്ന് നിർമിച്ചവയാണ് പൊളിക്കാൻ ഉത്തരവിട്ടിട്ടുള്ള അഞ്ച് ഫഌറ്റ് സമുച്ചയങ്ങളും. രാജ്യത്തെ തന്നെ പ്രമുഖ ബിൽഡർമാർ നിർമിച്ച ഹോളി ഫെയ്ത്ത് അപ്പാർട്ട്‌മെന്റ്‌സ്, കായലോരം അപ്പാർട്ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെഞ്ചേഴ്‌സ് എന്നിവയാണവ. അഞ്ച് കെട്ടിടങ്ങളിലും കൂടി മൊത്തം 343 ഫഌറ്റുകൾ. ഇവയിലെല്ലാമായി 1500 ഓളം താമസക്കാരും. കായലിന്റെയും കടലിന്റെയും തീരത്തിന്റെയും മനോഹര ദൃശ്യങ്ങൾ ബാൽക്കണിയിൽ ഇറങ്ങിനിന്നാൽ എപ്പോഴും ആസ്വദിക്കാൻ കഴിയുന്നവയാണ് ഇവിടത്തെ ഫഌറ്റുകളിൽ ഓരോന്നും. സമൂഹത്തിലെ ഉപരി മധ്യവർഗക്കാരായ സമ്പന്നരാണ് അവയുടെ ഉടമകൾ. അക്കൂട്ടത്തിൽ സിനിമാ താരങ്ങളും, പ്രൊഫഷണലുകളും, ഉന്നത ഉദ്യോഗസ്ഥരും, അഭിഭാഷകരും, സർക്കാരിന്റെ അകത്തളങ്ങളിലുള്ളവരും എല്ലാമുണ്ട്, പിന്നെ തീർച്ചയായും പ്രവാസികളും.
കേരളത്തിലെ ഏറ്റവും തിരക്കുള്ള നഗരത്തിലെ കണ്ണായ സ്ഥലത്ത് ഇത്ര മനോഹരമായ ഫഌറ്റുകൾ വൻ വില കൊടുത്ത് വാങ്ങിയവരെ സംബന്ധിച്ചിടത്തോളം, അത് വിട്ടൊഴിഞ്ഞ് പോകേണ്ടിവരുന്നത് വല്ലാത്ത ആഘാതമായിരിക്കും. പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം തന്നെയായിരിക്കും ആ ഫഌറ്റുകൾ. പക്ഷെ വ്യക്തമായ നിയമലംഘനമെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ആ കെട്ടിടങ്ങൾ പൊളിക്കണമെന്ന രാജ്യത്തിന്റെ പരമോന്നത കോടതിയുടെ തീരുമാനത്തെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. 
2006ൽ മരട് ഒരു ഗ്രാമ പഞ്ചായത്ത് മാത്രമായിരിക്കുമ്പോഴാണ് ഈ അഞ്ച് ഫഌറ്റ് സമുച്ചയങ്ങളും കായൽ തീരത്ത് നിർമാണമാരംഭിക്കുന്നത്. അന്ന് പഞ്ചായത്ത് ഭരിച്ച എൽ.ഡി.എഫ് ഭരണ സമിതി നൽകിയ നിർമാണ അനുമതിയോടെയായിരുന്നു ബിൽഡർമാർ പണി തുടങ്ങിയത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നിർമാണത്തെ എതിർത്ത് രംഗത്തുവന്നു. ഇതേ തുടർന്ന് മരട് പഞ്ചായത്ത് നിർമാതാക്കൾക്ക് പണി നിർത്തിവെക്കാൻ നോട്ടീസ് നൽകി. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി. ഈ സ്റ്റേയുടെ ബലത്തിൽ അവർ നിർമാണം പൂർത്തിയാക്കിയെന്ന് മാത്രമല്ല, പൂർത്തിയാവുംമുമ്പ് ഫഌറ്റുകൾ വിൽക്കുകയും ചെയ്തു. ഫഌറ്റുകൾക്ക് പഞ്ചായത്ത് വീട്ടുനമ്പർ നൽകി, കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകി, വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷൻ നൽകി. 
പലരും ബാങ്ക് വായ്പയെടുത്താണ് ഫഌറ്റുകൾ വാങ്ങിയത്. സാധാരണ വായ്പ നൽകുന്നതിനുമുമ്പ് രേഖകൾ കീറിമുറിച്ച് പരിശോധിക്കുന്ന ബാങ്കുകൾക്കും നിയമം ലംഘിച്ചാണ് ഫഌറ്റുകൾ നിർമിച്ചതെന്ന് കണ്ടെത്താനായില്ല. 
ഇക്കാലമെല്ലാം ഉറങ്ങുകയായിരുന്ന (അതോ, ഉറക്കം നടിക്കുകയോ) തീരദേശ പരിപാലന അതോറിറ്റി പത്ത് വർഷത്തിനുശേഷം പെട്ടെന്ന് ഉണർന്നെഴുന്നേറ്റു. 2016ൽ അവർ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നു. തീരദേശ നിയമം ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചതെന്നും അവ പൊളിച്ചുനീക്കണമെന്നും വാദിക്കുന്നു. ഹരജി പരിഗണിച്ച കോടതി, വസ്തുത മനസ്സിലാക്കാൻ ഒരു സാങ്കേതിക സമിതിയെ വെക്കുന്നു. അവർ പരാതിക്കാരായ തീരദേശ അതോറിറ്റിയുടെ വാദം മുഖവിലക്കെടുത്ത് നിയമലംഘനം തീർച്ചപ്പെടുത്തി കോടതിക്ക് റിപ്പോർട്ട് നൽകുന്നു. ഇതിനിടെ, മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോ, മുനിസിപ്പാലിറ്റിയിൽ തീരദേശ നിയമങ്ങൾക്ക് ചില്ലറ ഇളവുകളുള്ളതോ ഒന്നും പരിഗണിച്ചില്ല. ഈ വിഷയം ഏറ്റവുമധികം ബാധിക്കുന്ന തങ്ങളോടുപോലും സമിതി ഒന്നും ചോദിച്ചിട്ടില്ലെന്ന് ഫഌറ്റ് ഉടമകൾ പറയുന്നു. സമിതിയുടെ റിപ്പോർട്ട് കണക്കിലെടുത്താണ് ഫഌറ്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടത്. പിന്നീട് ഉത്തരവ് അസാധുവാക്കാൻ സർക്കാരും താമക്കാരും നടത്തിയ ശ്രമങ്ങളെല്ലാം കോടതി നിർദാക്ഷിണ്യം തള്ളി.
ഇവിടെ ആരാണ് കുറ്റക്കാർ എന്നു ചോദിച്ചാൽ കുറ്റക്കാർ അല്ലാത്തവർ ആരെന്ന് മറുചോദ്യം ചോദിക്കേണ്ടിവരും. തീരദേശ നിയമം ലംഘിച്ച് ഫഌറ്റുകൾ പണിയാൻ തയാറായ ബിൽഡർമാരെയാണ് കുറ്റവാളികളുടെ കൂട്ടത്തിൽ ആദ്യമായി എണ്ണേണ്ടത്. രണ്ടാമത് നിർമാണത്തിന് അനുമതി കൊടുത്ത മുൻ മരട് പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും. നിയമലംഘനം ശ്രദ്ധയിൽപെട്ടിട്ടും വേണ്ടത്ര ഗൗരവത്തോടെ അതിനെ തടയുന്നതിൽ ഉദാസീനത കാട്ടിയ തീരദേശ പരിപാലന അതോറിറ്റിയും കുറ്റക്കാർ തന്നെ. അവർ വേണ്ടവിധം പ്രവർത്തിച്ചിരുന്നെങ്കിൽ കെട്ടിടങ്ങൾ ഉയരുകയോ, അവിടെ പോയി ആളുകൾ ഫഌറ്റുകൾ വാങ്ങുകയോ ചെയ്യുമായിരുന്നില്ല. നിയമലംഘനവും കേസും ഗുലുമാലുമെല്ലാം ഉണ്ടെന്നറിഞ്ഞുതന്നെ ഈ ഫഌറ്റുകൾ വാങ്ങിയ ഉടമകളും കുറ്റക്കാർ തന്നെ. വമ്പൻമാർക്കുമുന്നിൽ കണ്ണടച്ച കെ.എസ്.ഇ.ബിയും, വാട്ടർ അതോറിറ്റിയും, ബാങ്കുകളുമെല്ലാം കുറ്റക്കാരുടെ കൂട്ടത്തിൽ പെടും. പിന്നെ എല്ലാത്തിനും കുടപിടിക്കുന്ന രാഷ്ട്രീയ നേതാക്കളും സർക്കാരും.
വാസ്തവത്തിൽ ഇവരെല്ലാം ചേർന്ന ഒരു ദൂഷിത വലയമാണ് കേരളത്തിലെ ഒരുമാതിരിയുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിന്നിൽ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വൻകിട അനധികൃത നിർമാണങ്ങളുടെ കണക്കെടുക്കുകയും അവയെല്ലാം ഇടിച്ചുനിരത്താൻ തീരുമാനിക്കുകയും ചെയ്താൽ നമ്മുടെ സംസ്ഥാനം കോൺക്രീറ്റ് കെട്ടിടങ്ങളുടെ ശവപ്പറമ്പായി മാറും. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലുമുള്ള ഫഌറ്റ് സമുച്ചയങ്ങളും വൻകിട കെട്ടിടങ്ങളും അധികവും നിയമം ലംഘിച്ച് പണിതതാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. തീരദേശ നിയമം ലംഘിച്ചും, കായലും വയലും നികത്തിയും, കുന്നിടിച്ചും, സർക്കാർ ഭൂമി കയ്യേറിയുമൊക്കെയാണ് നമ്മുടെ നാട്ടിലെ പല ഫഌറ്റ് സമുച്ചയങ്ങളും, നക്ഷത്ര ഹോട്ടലുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും, മാളുകളും, തിയേറ്റർ സമുച്ചയങ്ങളും കൺവെൻഷൻ സെന്ററുകളും, ആശുപത്രികളുമെല്ലാം ഉയർന്നിട്ടുള്ളത്. 
ഇക്കൂട്ടത്തിൽ സ്വകാര്യ സംരംഭങ്ങൾ മാത്രമല്ല സർക്കാർ സ്ഥാപനങ്ങളുമുണ്ട്. സുപ്രീം കോടതി വിധി ഇവിടെയെല്ലാം ബാധകമാക്കിയാൽ എന്തായിരിക്കും സ്ഥിതി. 
നിയമലംഘനം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തിൽ മിക്ക വൻകിട നിർമാണങ്ങളും നടക്കുന്നത്. താഴെ തട്ടിലെ ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാർ വരെയുള്ളവരെ സ്വാധീനിച്ചും കൈക്കൂലി കൊടുത്തുമൊക്കെയാണ് ഇതിനുള്ള അനുമതി ഒപ്പിക്കുന്നത്. പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വേണ്ടപ്പെട്ടവരെ സ്വാധീനിച്ച് എക്‌സെംപ്ഷൻ സംഘടിപ്പിക്കും. വിഷയം കോടതിയിലെത്തിയാലും കേസ് നടപടികൾ തീരുമ്പോൾ നിർമാണം പൂർത്തിയായിട്ടുണ്ടാവും. ഈ സാഹചര്യം കണക്കിലെടുത്ത് നിർമാതാക്കളിൽനിന്ന് പിഴ ഈടാക്കി നിർമാണം നിയമപ്രകാരമുള്ളതാക്കിക്കൊടുക്കും. അതാണ് കിട്ടാവുന്ന പരമാവധി ശിക്ഷ. അത്രയേ മരടിലെ നിർമാതാക്കളും, ഫഌറ്റുടമകളും പ്രതീക്ഷിച്ചിട്ടുമുള്ളു. ഈ കണക്കുകൂട്ടലുകളെയാണ് രാജ്യത്തെ പരമോന്നത കോടതി തകിടം മറിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മരടിലെ ഫഌറ്റുകൾ പൊളിച്ചുനീക്കാൻ സർക്കാർ നടപടിയെടുക്കുമ്പോൾ ഓർമ വരുന്നത് വർഷങ്ങൾക്കുമുമ്പ് നടന്ന മൂന്നാർ പൊളിക്കലാണ്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ നടത്തിയ ഓപ്പറേഷൻ എന്തൊക്കെ കോലാഹലമായിരുന്നു സൃഷ്ടിച്ചത്. നിരവധി വൻകിട റിസോർട്ടുകളും ഹോട്ടലുകളും അനധികൃതമെന്ന് കണ്ടെത്തി സ്‌പെഷ്യൽ ഓഫീസർ സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ അവയെല്ലാം ഇടിച്ചുനിരത്തി. നാട്ടിലെ സാധാരണ ജനങ്ങളുടെ പൂർണ പിന്തുണയോടെ നടന്ന ആ ഓപ്പറേഷൻ, പിന്നീട് വൻ പരാജയത്തിൽ കലാശിക്കുകയായിരുന്നു. ഭരണ കക്ഷിയിൽ പെട്ടവർതന്നെ അതിന് തുരങ്കം വെച്ചു.
2006ലായിരുന്നു വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ. ഏതാണ്ട് അതേ കാലത്തുതന്നെയാണ് മരടിലെ ഫഌറ്റുകൾക്ക് നിർമാണത്തിന് അനുമതി ലഭിക്കുന്നതെന്നോർക്കണം. പരിസ്ഥിതിയുടെ പേരിൽ പൊളിക്കലിന്റെ ആഘോഷം നടക്കുമ്പോഴും, പുതിയ അനധികൃത നിർമാണങ്ങൾക്ക് അനുമതി കൊടുക്കാനും അധികാരികൾക്ക് ഒരു സങ്കോചവുമുണ്ടായില്ലെന്നു സാരം.
തുടക്കത്തിൽ മൂന്നാർ ഓപ്പറേഷന് അനുകൂലമായിരുന്നു കോടതിയും. പൊളിക്കപ്പെടുന്ന കെട്ടിട ഉടമകൾ നൽകിയ തടസ്സ ഹരജികളൊന്നും അക്കാലത്ത് ഹൈക്കോടതി പരിഗണിച്ചുപോലുമില്ല. പിന്നീട് കോടതിയുടെ മനസ്സ് മാറി. കെട്ടിടങ്ങൾ നഷ്ടപ്പെട്ടർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുപോലും കോടതി വിധിച്ചു. സാധാരണക്കാരന്റെ നികുതിപ്പണമാണ് നഷ്ടപരിഹാരമായി കൊടുത്തത്.
മരടിൽ കെട്ടിടം പൊളിക്കുന്നതിനുമുമ്പ് ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം കൊടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇങ്ങനെ കൊടുക്കുന്നതും സാധാരണക്കാരന്റെ നികുതിപ്പണം തന്നെ. നിയമലംഘകകരായ ബിൽഡർമാരിൽനിന്ന് പിന്നീട് ആ പണം വസൂലാക്കുമെന്നാണ് സർക്കാർ പറയുന്നത്, നടന്നതുതന്നെ. 
എതായാലും ഇപ്പോഴത്തെ സുപ്രീം കോടതി വിധിയോടെ കേരളത്തിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുമെങ്കിൽ അതൊരു നല്ല കാര്യമാണ്. പക്ഷെ അത്രക്കങ്ങ് ഉറപ്പിച്ച് പറയാനാവില്ല. ഭാവിയിലും കോടതി ഇതേ സമീപനം സ്വീകരിച്ചാൽ നാളെ അതെങ്ങനെ മറികടക്കണമെന്ന ഗവേഷണം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടാവും. കോടതിയല്ല, ആര് വിചാരിച്ചാലും ഇക്കൂട്ടരെ നന്നാക്കാനാവില്ല. മൂന്നാറിൽ ഇപ്പോഴും അനധികൃത നിർമാണങ്ങൾ ഉയരുന്നുണ്ടല്ലോ.

Latest News