Sorry, you need to enable JavaScript to visit this website.

വീടിനുള്ളിലെ അന്ധകാരം

കുരുന്നു ജീവിതങ്ങൾക്ക് സ്വന്തം വീടിന്റെ അകത്തളങ്ങൾ ഭയപ്പാടിന്റെ കാരാഗൃഹങ്ങളാകുകയാണോ?
പെൺകുട്ടികൾ സ്വന്തം വീട്ടിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് വർധിച്ചു വരുന്ന വാർത്തകൾ കുടുംബബന്ധങ്ങളെ കുറിച്ചും സാമൂഹ്യബോധത്തെ കുറിച്ചുമുള്ള നമ്മുടെ സങ്കൽപ്പങ്ങളെ തച്ചുടക്കുന്നതാണ്. രക്തബന്ധമുള്ളവർ തന്നെ പീഡകരായി മാറുമ്പോൾ നാം ലജ്ജിച്ച് തലതാഴ്ത്തണം. സംരക്ഷകരാകേണ്ടവരുടെ കരങ്ങൾ തന്നെ ആക്രമണത്തിന്റേതായി മാറുന്ന അവിശ്വസനീയമായ കഥകളാണ് പുറത്തുവരുന്നത്. സുരക്ഷിതമെന്ന് കുട്ടികൾ വിശ്വസിച്ചിരുന്ന സ്വന്തം വീടിന്റെ മുറികളിൽ അന്ധകാരം നിറയുകയാണ്.
മലപ്പുറം ജില്ലയിൽ നിന്ന് അടുത്തിടെ പുറത്തു വന്ന ചില വാർത്തകൾ ആരെയും ഞെട്ടിക്കുന്നതാണ്. തിരൂരങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നിരവധി പേരാൽ പീഡിപ്പിക്കപ്പെട്ടത് സ്വന്തം വീട്ടിൽ വച്ചാണ്. പീഡകർക്ക് ഒത്താശ ചെയ്തു കൊടുത്തത് പെൺകുട്ടിയുടെ പിതാവ് തന്നെയാണെന്ന വിവരം സമൂഹത്തിൽ വളരുന്ന അവശ്വസനീയമായ പ്രവണതകളുടെ സൂചനകളാണ്. വേങ്ങരയിൽനിന്ന് മറ്റൊരു പീഡനവാർത്ത കൂടി പുറം ലോകമറിഞ്ഞു. അവിടെ പീഡിപ്പിച്ചത് കുട്ടിയുടെ സ്വന്തം പിതാവ് തന്നെ. ഈ രണ്ടു കേസുകളിലും പ്രതികൾ അറസ്റ്റിലായെങ്കിലും വീട്ടിനുള്ളിൽ നടക്കുന്ന പീഡനങ്ങൾ പെരുകി വരികയാണെന്ന ദുഃസൂചനകളാണ് വളരുന്നത്.
ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. സ്വന്തം രക്തത്തിൽ പിറന്ന മകളെ പോലും ലൈംഗിക ദാഹത്തിന് ഉപയോഗപ്പെടുത്തുന്ന പിതാവ് നികൃഷ്ടമായ മനസിനുടമയാണെന്നതിൽ തർക്കമില്ല. ലൈംഗികതയെ കുറിച്ചുള്ള വികൃതമായ ചിന്തകളാണ് ഇത്തരക്കാരെ വളർത്തുന്നത്. വീടിനുള്ളിൽ സുരക്ഷിതമായ അന്തരീക്ഷം വളർത്തിയെടുക്കേണ്ടവരാണ് പിതാക്കൻമാർ. അവരിൽ കുടുംബത്തിന്റെ സംരക്ഷണവും ഉത്തരവാദിത്വങ്ങളും നേർവഴികളും കൊതിക്കുന്നവരാണ് മറ്റ് കുടുംബാംഗങ്ങൾ. എന്നാൽ ലൈംഗികമായ കാടത്തത്തിന്റെ മുഖമായി പിതാവ് മാറുമ്പോൾ സംസ്‌കാരത്തെ കുറിച്ചും കുടുംബബന്ധങ്ങളെ കുറിച്ചുമുള്ള നിർവ്വചനങ്ങളാണ് മാറുന്നത്. ഇത്തരം സംഭവങ്ങളെ സാമാന്യവൽക്കരിക്കാൻ കഴിയില്ലെങ്കിലും പീഡനങ്ങൾ വർധിച്ചു വരുന്നത് നല്ല സൂചനകളല്ല നൽകുന്നത്.
പലപ്പോഴും പീഡനവിവരം പുറത്തുപറയാൻ കുട്ടികൾ മടികാണിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ മൂടിവെക്കപ്പെടാൻ കാരണമാകുന്നത്. അടുത്ത കാലത്തായി ചൈൽഡ് ലൈൻ പോലുള്ള സർക്കാർ ഏജൻസികളുടെ ഇടപെടൽ ഇക്കാര്യത്തിൽ ഗുണകരമായി മാറിയിട്ടുണ്ട്. പലപ്പോഴും കുട്ടികൾ ഭയം മൂലം പുറത്തു പറയാൻ മടിച്ചിരുന്ന സംഭവങ്ങൾ ഇന്ന് ഇത്തരം ഏജൻസികൾക്ക് മുന്നിലെത്തുന്നുണ്ട്.
കുട്ടികൾ കൂടുതൽ സമയം ചെലവിടുന്നത് വീട്ടിലും സ്‌കൂളിലുമാണ്. ഈ രണ്ട് ഇടങ്ങളും അവർക്ക് സുരക്ഷിത കേന്ദ്രങ്ങൾ ആകേണ്ടതുണ്ട്. സ്‌കൂളുകളിൽ അധ്യാപകർ തന്നെ പീഡകരാകുന്ന വാർത്തകൾ ഇടക്കിടെ പുറത്തു വരാറുണ്ട്. കുട്ടികൾക്ക് വീടുകളും സുരക്ഷിത താവളമല്ലാതായാൽ എവിടെയാണ് അവർക്ക് സംരക്ഷണമുള്ളത്.?
പെൺകുട്ടികൾ വളർന്നു വരുമ്പോൾ അമ്മമാർ അവർക്ക് പ്രത്യേക ശ്രദ്ധയും കരുതലും നൽകുന്ന രീതിയാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്.അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ അമ്മമാർ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. വീടിന് പുറത്തുള്ളവരോട് എങ്ങനെ ഇടപെടണമെന്നും പെരുമാറണമെന്നും അവർ കുട്ടികളെ ഉപദേശിക്കുന്നു. അമ്മമാരുടെ ഈ കരുതലാണ് പലപ്പോഴും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ മുഖ്യഘടകം. വീട്ടിൽ വരുന്ന ബന്ധുക്കളോടും മറ്റ് സന്ദർശകരോടും കുട്ടികൾ ഏത് രീതിയിൽ പെരുമാറുന്നുവെന്നത് ശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. ഈ കരുതലും ശ്രദ്ധയും നഷ്ടപ്പെടുമ്പോഴാണ് കുട്ടികൾ പീഡനത്തിനിരകളാകുന്നതും ചിലപ്പോൾ തെറ്റായ വഴികളിലേക്ക് സഞ്ചരിക്കുന്നതും. പിതാവു തന്നെ സ്വന്തം മകളുടെ പീഡകനാകുമ്പോൾ ആ കുടുംബത്തിൽ പരസ്പരമുള്ള കരുതൽ എന്നേ നഷ്ടപ്പെട്ടു പോയി എന്നു വേണം കരുതാൻ.സാംസ്‌കാരികമായും മാനവികമായുമുള്ള അധഃപതനത്തെ കുറിച്ചാണ് ഇത്തരം സംഭവങ്ങൾ ലോകത്തോട് പറയുന്നത്.
വീടിനുള്ളിൽ നടക്കുന്ന പീഡനങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തണം. 
ഏതെല്ലാം തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന കുടുംബങ്ങളിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. കുടുംബമെന്ന സംവിധാനത്തോട് ഓരോ വ്യക്തിയുടെയും സമീപനമെന്താണെന്ന് കണ്ടെത്തണം. വിദ്യാഭ്യാസം, തൊഴിൽ സാഹചര്യങ്ങൾ,മാനസികാവസ്ഥ,സാംസ്‌കാരിക നിലവാരം തുടങ്ങിയവയും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
പ്രതികൾ അറസ്റ്റിലാകുന്നതോടെ അവസാനിപ്പിക്കപ്പെടേണ്ടതല്ല ഇത്തരം കേസുകളെ കുറിച്ചുള്ള അന്വേഷണം. 
വീടിനുള്ളിൽ വെച്ച് രക്തബന്ധത്തിൽ പെട്ടവർ തന്നെ പീഡിപ്പിക്കുന്നവരാവുകയെന്ന ലജ്ജാകരമായ അവസ്ഥ സമൂഹത്തിന്റെ മാനസിക നില ദുർബലമാണെന്ന സൂചനകളാണ് നൽകുന്നത്. ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നത്.
കുടുംബബന്ധങ്ങൾ ശക്തമാക്കുന്നതിനും വീടുകൾ പെൺകുട്ടികൾക്ക് സുരക്ഷിത ഇടങ്ങളായി മാറുന്നതിനും ശക്തമായ ബോധവൽക്കരണം സമൂഹത്തിൽ ആവശ്യമായി മാറിയിരിക്കുകയാണ്. 

Latest News