ബി.ജെ.പി എം.പിക്കെതിരെ ജെ.എന്‍.യുവില്‍ ഇടതു പ്രതിഷേധം

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചുള്ള പ്രഭാഷണത്തിനെത്തിയ ബി.ജെ.പി എം.പി ജിതേന്ദ്ര സിംഗിനെതിരെ  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രകടനം. ഇടതു വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി (എ.ഐ.എസ്.എ) ബന്ധമുള്ള വിദ്യാര്‍ഥികളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ  മുദ്രാവാക്യം മുഴക്കി കാമ്പസില്‍ പ്രകടനം നടത്തിയത്.
ആര്‍.എസ്.എസ് വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി വിദ്യാര്‍ഥികള്‍ എതിര്‍  പ്രകടനം നടത്തിയതോടെ കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തു.
'ആര്‍ട്ടിക്കിള്‍ 370: ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം ' എന്ന വിഷയത്തിലാണ് ജെ.എന്‍.യു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാഷണം സംഘടിപ്പിച്ചത്. വൈകിട്ട് നാല് മണിയോടെ പരിപാടിയില്‍ സംബന്ധിക്കാനാണ്  ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാവായ ജിതേന്ദ്ര സിംഗിനെ ക്ഷണിച്ചിരുന്നത്.
മുദ്രാവാക്യം വിളിച്ച് എ.ഐ.എസ്.എ വിദ്യാര്‍ഥികള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് തടിച്ചുകൂടിയപ്പോള്‍ എ.ബി.വി.പി വിദ്യാര്‍ഥികളും അവിടെയെത്തി പ്രതിഷേധം ആരംഭിച്ചു.
കഴിഞ്ഞ മാസം ബി.ജെ.പി എം.പി ബാബുല്‍ സുപ്രിയോ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെത്തിയപ്പോള്‍ ഇടതു വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തിരുന്നു.

 

Latest News