Sorry, you need to enable JavaScript to visit this website.

സംഘര്‍ഷം അവസാനിക്കാന്‍ ഇറാന്‍ സാധാരണ രാജ്യമായി മാറണം-സൗദി

റിയാദ് - സൗദി അറേബ്യ ഇറാന് കത്തുകളയച്ചു എന്ന ഇറാൻ ഗവൺമെന്റ് വക്താവിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇറാൻ ഗവൺമെന്റ് വക്താവിന്റെ വെളിപ്പെടുത്തൽ കൃത്യമല്ല. ചില സൗഹൃദ രാജ്യങ്ങൾ സൗദി അറേബ്യക്കും ഇറാനുമിടയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമിച്ചിരുന്നു. മേഖലയിൽ സുരക്ഷാ ഭദ്രതയും സമാധാനവും നിലനിർത്തുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സൗഹൃദ രാജ്യങ്ങളെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. 


മേഖലയിൽ സംഘർഷം മൂർഛിപ്പിക്കുകയും ശത്രുതാപരമായ പ്രവർത്തനങ്ങളിലൂടെ അരാജകത്വം വ്യാപിപ്പിക്കുകയും ചെയ്യുന്ന ഇറാന്റെ ഭാഗത്തു നിന്നാണ് സംഘർഷം ഇല്ലാതാക്കാൻ ശ്രമങ്ങളുണ്ടാകേണ്ടതെന്നും സൗദി അറിയിച്ചിട്ടുണ്ട്. ഇറാൻ ഗവൺമെന്റിനോടുള്ള തങ്ങളുടെ നിലപാടും സൗഹൃദ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

ഇറാൻ പ്രശ്‌നത്തിലുള്ള നിലപാട് എല്ലാ വേദികളിലും എക്കാലവും സൗദി അറേബ്യ സുവ്യക്തമായി പരസ്യപ്പെടുത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ യു.എൻ ജനറൽ അസംബ്ലിയിലും ഇക്കാര്യം സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. 


ഭീകരതക്കുള്ള പിന്തുണയും അരാജകത്വം പ്രചരിപ്പിക്കുന്ന നയങ്ങളും വിനാശകരമായ പ്രവർത്തനങ്ങളും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും ഇറാൻ നിർത്തിവെക്കണം. വിനാശകരമായ ആയുധങ്ങൾ വികസിപ്പിക്കുന്നതും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഇറാൻ നിർത്തിവെക്കണം. ഭീകരത സ്‌പോൺസർ ചെയ്യുന്ന രാജ്യമെന്നോണമല്ല, മറിച്ച്, സാധാരണ രാജ്യമായി ഇറാൻ പെരുമാറണം. 

യെമൻ പ്രശ്‌നം ഇന്നു വരെ ഇറാനുമായി സൗദി അറേബ്യ വിശകലനം ചെയ്തിട്ടില്ല. ഈ പ്രശ്‌നം ഇറാനുമായി ഒരിക്കലും ചർച്ച ചെയ്യുകയുമില്ല. സുരക്ഷാ ഭദ്രത തകർക്കുന്ന ഇറാന്റെ പ്രവർത്തനങ്ങളും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതുമാണ് യെമൻ സംഘർഷത്തിന് കാരണം. 


യെമനിൽ ഒരിക്കലും വെടിനിർത്തലും സമാധാനവും ഇറാൻ ആഗ്രഹിക്കില്ല. യെമനികൾക്കും സൗദി അറേബ്യക്കും മേഖലാ രാജ്യങ്ങൾക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്നതിന് ഹൂത്തി മിലീഷ്യകൾക്ക് ആയുധങ്ങളും മിസൈലുകളും നൽകുന്നത് ഇറാനാണ്. അറബ് രാജ്യങ്ങളുടെ മേൽ തങ്ങളുടെ സ്വാധീനം അടിച്ചേൽപിക്കാൻ ശ്രമിച്ചുള്ള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഹൂത്തി മിലീഷ്യകളെ ഇറാൻ അകമഴിഞ്ഞ് സഹായിക്കുന്നത്.

യെമനിൽ വെടിനിർത്തലും സമാധാനവുമാണ് ഇറാൻ ആഗ്രഹിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് ചരിത്രത്തിൽ ഇന്നു വരെ യെമൻ ജനതക്ക് ഇറാൻ ഒരുവിധ സഹായവും നൽകാത്തതെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആരാഞ്ഞു. ഇറാൻ എത്തിക്കുന്ന ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും യെമനിൽ നാശമാണ് വിതക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
 

Latest News