ധോണി ഒഴിഞ്ഞു

 

ന്യൂദൽഹി- ഇന്ത്യയുടെ ഏകദിന ട്വന്റി20 ക്രിക്കറ്റ് നായക പദവി മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു.  മൂന്നുവർഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി ഇന്ന് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ നായകപദവി ഒഴിയുന്നതായി അറിയിക്കുകയായിരുന്നു. ബി.സി.സി.ഐക്ക് നൽകിയ കത്തിലാണ് സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് ധോണി ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിനെതിരെ ഈ മാസം 15ന് ഏകദിന, ട്വന്റി20 പരമ്പര ആരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റന്റെ പടിയിറക്കം. 
ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി സ്ഥാനമൊഴിഞ്ഞത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടീമിൽ ധോണിയുണ്ടാകും. പുതിയ നായകനെ തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിൽ ടെസ്റ്റ് ടീമിനെ നയിക്കുന്ന വിരാട് കോഹ്‌ലി അടുത്ത നായകനാകുമെന്നാണ് സൂചന. ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ 2007-ലെ ലോക ട്വന്റി20, 2011-ലെ ക്രിക്കറ്റ് ലോകകപ്പ്, 2013-ലെ ചാംപ്യൻസ് ട്രോഫി എന്നിവ സ്വന്തമാക്കിയിരുന്നത്. 
73 അന്താരാഷ്ട്ര ഏകദിനങ്ങളിൽ ഇന്ത്യക്ക് വേണ്ടി ധോണി കളിച്ചു. ഇതിൽ 72-ലും നായകനായിരുന്നു. ഇത് ലോക റെക്കോർഡാണ്. ട്വന്റി20 ക്രിക്കറ്റിലെ മികച്ച ഫിനിഷർ ആയാണ് ധോണിയെ കണക്കാക്കുന്നത്. റാഞ്ചി സ്വദേശിയായ ധോണി 283 ഏകദിനങ്ങളിൽ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ഇതിൽ 199 ലും നായകനായിരുന്നു. 

Latest News