രണ്ടാമതും പെണ്‍കുഞ്ഞ്; അച്ഛന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു

ഹൈദരാബാദ്- ഒരു മാസം പ്രായമായ കുഞ്ഞ് മുങ്ങിമരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഭദ്രദ്രി കോതഗുഡം ജില്ലയിലെ റെഗുണ്ട ഗ്രാമത്തിലാണ് സംഭവം.
രണ്ടാമതും പെണ്‍കുഞ്ഞായതിനാല്‍ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ അദബാല സൂര്യ തേജ പോലീസിനോട് സമ്മതിച്ചു. 30 കാരനായ അദബാല രണ്ട് വര്‍ഷം മുമ്പാണ് അഖിലയെ വിവാഹം ചെയ്തത്.  ഒരു മാസം മുമ്പാണ് ദമ്പതികള്‍ക്ക് രണ്ടാമത്തെ പെണ്‍കുഞ്ഞ്  പിറന്നത്. രണ്ടാമതും പെണ്‍കുഞ്ഞായതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന  അച്ഛന്‍ കുഞ്ഞിനെ വീടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.
പോലീസ് എത്തുന്നതിനുമുമ്പ് നാട്ടുകാര്‍ യുവാവിനെ കെട്ടിയിട്ട് ചോദ്യം ചെയ്തിരുന്നു. പ്രതി അറസ്റ്റിലാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം, സമാന സംഭവത്തില്‍ നവജാത ശിശുവിനെ മുത്തച്ഛന്‍ കൊലപ്പെടുത്തിയിരുന്നു. ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന മുത്തച്ഛന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

Latest News