വെറുപ്പും വിദ്വേഷവും നിര്‍ത്താം, മോഡിയുടെ ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍ 

ന്യൂദല്‍ഹി- മഹാത്മാ ഗാന്ധിയുടെ 150ാം ജ•ദിനത്തില്‍ ഗാന്ധിയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ ആവശ്യമുളളത് എന്തുകൊണ്ട് എന്ന തലക്കെട്ടിലാണ് ലേഖനം. 1959ല്‍ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടാണ് ലേഖനം തുടങ്ങുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് താനൊരു വിനോദ സഞ്ചാരിയായിട്ടാണ് പോകുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുന്നത് ഒരു തീര്‍ത്ഥാടകനായിട്ടാണ് എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളാണ് മോഡി ഉദ്ധരിച്ചിരിക്കുന്നത്. ഗാന്ധിജിയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ഇന്ത്യയിലേക്ക് നയിച്ച വെളിച്ചമെന്ന് ലേഖനത്തില്‍ പറയുന്നു. ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ക്ക് ഗാന്ധി ഇന്നും ധൈര്യം പകരുന്നുവെന്നും മോഡി പറയുന്നു. ഗാന്ധിജിയുടെ സ്വപ്‌നങ്ങളാണ് തന്റെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മോഡി ലേഖനത്തില്‍ അവകാശപ്പെടുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും ശുചിത്വ പദ്ധതികളും അടക്കം മോഡി ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വെച്ച് തന്നെ ഏറ്റവും വേഗത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നത് ഇന്ത്യയാണ്. ഗാന്ധിജി ഇന്ത്യന്‍ ദേശീയതയെ കണ്ടത് സങ്കുചിതമായിട്ടായിരുന്നില്ലെന്നും സമൂഹത്തിനുളള സേവനമായിട്ടായിരുന്നുവെന്നും മോഡി പറയുന്നു. സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ ഒരു പാലമായി വര്‍ത്തിക്കാനുളള പ്രത്യേക കഴിവ് ഗാന്ധിക്കുണ്ടായിരുന്നുവെന്നും എല്ലാ വിഭാഗത്തിന് ഇടയിലും വിശ്വാസം നേടിയെടുക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കാന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ ഓപ് എഡ് പേജിലെഴുതിയ ലേഖനം അവസാനിക്കുന്നത്.


 

Latest News