ഇസ്‌റോയിലെ മലയാളി ശാസ്ത്രജ്ഞനെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്- ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷനു (ഇസ്‌റോ) കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ അപാര്‍ട്ട്‌മെന്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 56കാരനായ എസ് സുരേഷാണ് മരിച്ചത്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നഗരഹൃദഭാഗത്തെ സ്വന്തം അപാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു സുരേഷിന്റെ താമസം. ചൊവ്വാഴ്ച ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മറുപടി ലഭിക്കാതെ വന്നതോടെ ഇവര്‍ സുരേഷിന്റെ ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയെ വിവരമറിയിക്കുകയായിരുന്നു. ഇന്ദിരയും ബന്ധുക്കളും ഉടന്‍ ഹൈദരാബാദിലെത്തി പോലീസിനെ വിവരമറിയിച്ചു. അപാര്‍ട്‌മെന്റിന്റെ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ സുരേഷിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് പ്രഹരമേറ്റതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അപാര്‍ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രാഥമിക തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണ് താമസം. 2005ല്‍ ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടുന്നതുവരെ  ഭാര്യ ഇന്ദിരയും കൂടെയുണ്ടായിരുന്നു. ഇവരുടെ മകന്‍ യുഎസിലും മകള്‍ ദല്‍ഹിയിലുമാണ്.
 

Latest News