Sorry, you need to enable JavaScript to visit this website.

ജിദ്ദയുടെ തിലകക്കുറി ചാരക്കൂമ്പാരമായി; ഹൃദയഭേദകം ഈ കാഴ്ച

കത്തിയമർന്ന ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ

ജിദ്ദ - കുറഞ്ഞ നാളുകൾക്കുള്ളിൽ ജിദ്ദയുടെ തിലകക്കുറിയായി മാറിയ ഹറമൈൻ റെയിൽവേ സ്റ്റേഷനിലെ ഇപ്പോഴത്തെ കാഴ്ചകൾ ഹൃദയഭേദകമാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുണ്ടായ അഗ്നിബാധയിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം നിലയും മേൽക്കൂരയും ചാരക്കൂമ്പാരമായി. കോടിക്കണക്കിന് റിയാൽ ചെലവിൽ, വർഷങ്ങളെടുത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച റെയിൽവേ സ്റ്റേഷൻ അഗ്നിനാളങ്ങൾ ക്ഷിപ്രവേഗത്തിലാണ് നക്കിത്തുടച്ചത്. 
ഞായറാഴ്ച ഉച്ചക്ക് ആരംഭിച്ച അഗ്നിബാധ തിങ്കളാഴ്ച പുലർച്ചെയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. സൈന്യത്തിന്റെയും സൗദി അറാംകോയുടെയും പങ്കാളിത്തത്തോടെ കഠിനാധ്വാനം ചെയ്താണ് സിവിൽ ഡിഫൻസ് തീയണച്ചത്. സ്വകാര്യ മേഖലക്കു കീഴിലെ നിരവധി വാട്ടർ ടാങ്കറുകളും പ്രയോജനപ്പെടുത്തി. തീപ്പിടിത്തത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വരികയാണ്.
അഗ്നിബാധയെ തുടർന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസുകൾ അനിശ്ചിതമായി നിർത്തിവെച്ചിട്ടുണ്ട്. ഇത് തീർഥാടകർ അടക്കമുള്ളവരെയും ബാധിച്ചു. ഇക്കഴിഞ്ഞ ഹജ് സീസണിൽ മക്കക്കും മദീനക്കുമിടയിൽ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിനും ഹറമൈൻ ട്രെയിൻ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. 
കഴിഞ്ഞ വർഷം സുലൈമാനിയ സ്റ്റേഷനിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ ഇസ്‌ലാമിക ലോകത്തിന് സമർപ്പിച്ചത്. പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ റെയിൽവേ സ്റ്റേഷൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 24 നാണ് രാജാവ് ഉദ്ഘാടനം ചെയ്തത്. 
കഴിഞ്ഞ കൊല്ലത്തെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 2018 സെപ്റ്റംബർ 25 നാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് തുടക്കമായത്.
കോടിക്കണക്കിന് ഹജ്, ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിൽ സുഖകരമായ യാത്രാ സൗകര്യം ഒരുക്കുന്നതാണ് ഹറമൈൻ റെയിൽവേ. 6300 കോടി റിയാൽ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിദിനം 1,60,000 ലേറെ പേർക്ക് വീതം പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിന് പദ്ധതിക്ക് ശേഷിയുണ്ട്. 450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗമുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. 
മക്ക-മദീന യാത്രാ സമയം രണ്ടു മണിക്കൂറിലും താഴെയായി ഹറമൈൻ ഹൈസ്പീഡ് റെയിൽവേ കുറക്കുന്നു. മക്കക്കും ജിദ്ദക്കുമിടയിലെ യാത്രാ സമയം 21 മിനിറ്റ് ആയി കുറച്ച ഹറമൈൻ റെയിൽവേ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നീളം കൂടിയ ഹൈസ്പീഡ് ഇലക്ട്രിക് ട്രെയിൻ ശൃംഖലയാണ്. 


 

Latest News