-എല്ലാവരും പ്രതികളെന്ന് സംസ്ഥാന ഭരണകൂടം
-കശ്മീര്‍ ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം
ന്യൂദല്‍ഹി- കശ്മീരില്‍ നിയമവിരുദ്ധമായി ഒരു കുട്ടിയേയും തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് സംസ്ഥാന ഭരണാകൂടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത 114 കുട്ടികള്‍ തടങ്കലിലുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതി മുമ്പാകെ സംസ്ഥാന ഭരണകൂടം സമ്മതിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം കസ്റ്റഡിയിലെടുത്ത കുട്ടികളില്‍ ഒമ്പതും 11 ഉം വയസ്സായ കുട്ടികളുണ്ടെന്നും സര്‍ക്കാര്‍ സമ്മതിച്ചതായി സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
പോലീസിനും സൈന്യത്തിനും നേരെ കല്ലെറിയുക, കലാപശ്രമം നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടങ്കലിലാക്കിയതെന്നാണ് സംസ്ഥാന പോലീസ് അവകാശപ്പെടുന്നത്. ഇവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പല മാധ്യമ റിപ്പോര്‍ട്ടുകളും തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പോലീസ് ആരോപിച്ചതായി കമ്മിറ്റി വ്യക്തമാക്കി.
ബാലാവകാശ പ്രവര്‍ത്തകയായ ഏനാക്ഷി ഗാംഗുലി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ തലവനായുള്ള നാലംഗ സമിതിയെ അന്വേഷണത്തിനായി നിയമിച്ചത്. ജസ്റ്റിസ് എന്‍.വി രമണ, ആര്‍. സുബാഷ് റെഡ്ഡി, എന്‍.വി ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്.
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെ ഗുരുതരമായ ബാലാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്നും കോടതി ഇടപെടലുകള്‍ ഉണ്ടാകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
അതിനിടെ, ജമ്മു കശ്മീര്‍ പുനഃസംഘടന സംബന്ധിച്ച ഹരജികളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടുത്ത മാസം 14 ലേക്ക് മാറ്റി.
ജമ്മു കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടനാ അനുഛേദങ്ങള്‍ എടുത്തു കളഞ്ഞതിനെയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളിലാണ് മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ഈ വിഷയത്തില്‍ നോട്ടീസ് അയച്ചത്.
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് 10 ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജികളിലെല്ലാം വ്യത്യസ്ത വാദങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ ഇവയിലെല്ലാം മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഇതിനെ പിന്തുണച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ നിരത്തി. ഇനിയും സമയം അനുവദിക്കുന്നത് ശരിയല്ലെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ വാദിച്ചത്. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കിയത്. ഒക്ടോബര്‍ 31നാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള നടപടി നടപ്പാക്കേണ്ടത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുക, നേതാക്കളുടെ തടങ്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ഹരജികളില്‍ പലതും.






