Sorry, you need to enable JavaScript to visit this website.

ഖശോഗി വധത്തിന്റെ പേരിൽ സൗദിയെ  അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്ന് മകൻ സ്വലാഹ് 

റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ വധത്തിന് ഒരു വയസ്സായ വേളയിൽ സൗദി അറേബ്യക്കെതിരെ ഈ സംഭവം ദുരുപയോഗിക്കുന്നതിനെതിരെ പുത്രൻ സ്വലാഹ് ഖശോഗി രംഗത്തുവന്നു. ജമാൽ ഖശോഗിയുടെ ചരമ വാർഷികവും ഖശോഗി വധക്കേസും സൗദി അറേബ്യക്ക് അപകീർത്തിയുണ്ടാക്കുന്നതിനും കോട്ടം തട്ടിക്കുന്നതിനും ദുരുപയോഗിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള സൗദി അറേബ്യയുടെ ശത്രുക്കളും എതിരാളികളും രാജ്യത്തിനും ഭരണാധികാരികൾക്കും കോട്ടം തട്ടിക്കുന്നതിന് ഖശോഗി കേസ് ദുരുപയോഗിക്കുന്നതിന് നിരന്തരം ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. 
നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ രാജ്യത്തെ നീതിന്യായ സംവിധാനം നീതിക്ക് കീഴിൽ കൊണ്ടുവരുമെന്ന കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. ജമാൽ ഖശോഗിയെ പോലെ തന്നെ രാജ്യത്തോടും ഭരണാധികാരികളോടും ആത്മാർഥതയും കൂറും കാണിക്കുമെന്നും സ്വലാഹ് ഖശോഗി പറഞ്ഞു. 
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഖത്തറും, യെമനിൽ ഹൂത്തി മിലീഷ്യകളെ അനുകൂലിക്കുന്ന നൊബേൽ സമ്മാന ജേത്രി തവക്കുൽ കർമാനും അടക്കമുള്ളവർ ജമാൽ ഖശോഗി ചരമ വാർഷികം സൗദി അറേബ്യക്കെതിരായ പ്രചണ്ഡ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നതിന് ശ്രമിച്ചുവരികയാണ്. ജമാൽ ഖശോഗിയുടെ ഘാതകർ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഖശോഗി കുടുംബത്തോടുള്ള നമ്മുടെ കടമയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ തുർക്കി പ്രസിഡന്റ് വിശേഷിപ്പിച്ചിരുന്നു. ലേഖനം പ്രസിദ്ധീകരിച്ച് ഇരുപത്തിനാലു മണിക്കൂർ കഴിയുന്നതിനു മുമ്പായി ഇക്കാര്യത്തിൽ സൗദി ശത്രുക്കൾക്കുള്ള വായടപ്പൻ മറുപടിയുമായി ജമാൽ ഖശോഗിയുടെ മൂത്ത പുത്രൻ സ്വലാഹ് ഖശോഗി രംഗത്തെത്തുകയായിരുന്നു.
ഖശോഗി കേസ് സജീവമായി നിലനിർത്തുന്നതിന് കിണഞ്ഞ് ശ്രമിക്കുന്ന അൽജസീറ ചാനലും ചാനലിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളും സ്വലാഹ് ഖശോഗിയുടെ പ്രസ്താവന പൂർണമായും അവഗണിച്ചു. തുർക്കിയിലെ അനറ്റോളിയ വാർത്താ ഏജൻസി സ്വലാഹ് ഖശോഗിയുടെ പ്രസ്താവനയിലെ പ്രധാന ഭാഗം ഒഴിവാക്കി സൗദി നീതിന്യായ സംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന ഭാഗം മാത്രം പ്രസിദ്ധീകരിച്ചു. പിതാവിന്റെ ചരമ വാർഷികം ദുരുപയോഗിക്കരുതെന്ന സ്വലാഹ് ഖശോഗിയുടെ പ്രസ്താവനയിലെ പ്രധാന ഭാഗം തുർക്കി വാർത്താ ഏജൻസി ഒഴിവാക്കി. മറ്റു ചില ബ്രദർഹുഡ് അനുകൂല ചാനലുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും അനറ്റോളിയയുടെ പാത പിന്തുടർന്നു. 
സ്വലാഹ് ഖശോഗിയുടെ ട്വീറ്റിന് മണിക്കൂറുകൾക്കകം പതിനായിരം ലൈക്കുകളും പതിനാലായിരം റീട്വീറ്റുകളും ലഭിച്ചു. സ്വലാഹ് ഖശോഗി സൗദി ശത്രുക്കളുടെ വായടപ്പിച്ചു എന്ന ശീർഷകത്തിൽ സൗദി സാമൂഹികമാധ്യമ ഉപയോക്താക്കൾ ട്വിറ്ററിൽ ഹാഷ്ടാഗ് ആരംഭിച്ച് അഭിപ്രായ പ്രകടനങ്ങളും നടത്തി. 
കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ചാണ് ജമാൽ ഖശോഗി കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനൊന്നു പേർക്കെതിരെ കുറ്റം ചുമത്തിയതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജമാൽ ഖശോഗിയെ വധിക്കുന്നതിന് ഉത്തരവിടുകയും കൊലപാതകം നടത്തുകയും ചെയ്ത അഞ്ചു പേർക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തുന്ന മുറക്ക് അവശേഷിക്കുന്നവരെയും അറസ്റ്റ് ചെയ്യും. കേസിലെ തെളിവുകൾ കൈമാറുന്നതിന് തുർക്കി വിസമ്മതിക്കുന്നതായും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ജമാൽ ഖശോഗി വധത്തിൽ പങ്കുള്ള ആരും രക്ഷപ്പെടില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

 

Latest News