വയനാട്ടിലെ പ്രശ്‌നങ്ങള്‍; രാഹുല്‍ പിണറായിയെ കണ്ടു

ന്യൂദല്‍ഹി-രാത്രി യാത്രാ നിരോധനം ഉള്‍പ്പടെ വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹാരം തേടി വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ഹൗസില്‍ ഇന്ന്‌ രാവിലെയാണ് രാഹുലും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസവും കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത-766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങളും  ചര്‍ച്ച ചെയ്തു. ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂര്‍ണമായി അടച്ചിടാനുമുള്ള കര്‍ണാക സര്‍ക്കാരിന്റെ തീരുമാനത്തില്‍ അയവു വരുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഈ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാത്രി ഗതാഗതം വന്യമൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ്.  കേരളം നിര്‍ദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ബന്ദിപ്പൂരിനെക്കാള്‍ നബിഡമായ അസം, മധ്യപ്രദേശ് വന പാതകള്‍ക്ക് ഇത്തരത്തില്‍ നിരോധനമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിനോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊര്‍ജിതമായി നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അപകട സാധ്യതയുള്ളതും  പരിസ്ഥിതി ദുര്‍ബലവുമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

 

Latest News