Sorry, you need to enable JavaScript to visit this website.

കശ്മീരിന്റെ കണ്ണുനീർ 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒരാഴ്ചയോളം നീണ്ട യുഎസ് സന്ദർശന വേളയും ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലെ സാന്നിധ്യവും കശ്മീർ വിഷയം സജീവ ചർച്ചയാക്കുന്നതിന് ഇടയാക്കി. ഹൗഡി മോഡി എന്ന പേരിൽ സംഘടിപ്പിച്ച അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഗമത്തിൽ അരലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് വാർത്തകൾ. അതേസമയം പരിപാടി നടന്ന ഹൂസ്റ്റണിലെ സ്‌റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധവും അരങ്ങേറി. ഇന്ത്യക്കാർ മാത്രമല്ല അമേരിക്കൻ വംശജരായ മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിൽ ഉന്നയിക്കപ്പെട്ട പ്രധാനവിഷയങ്ങളിൽ ഒന്ന് കശ്മീരിനെ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനവും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ മോഡി പ്രസംഗിക്കുമ്പോഴും പുറത്ത് പ്രതിഷേധമുണ്ടായി. അവിടെയും പ്രധാന വിഷയമായത് കശ്മീർ തന്നെയായിരുന്നു.
യു.എൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിന് ശേഷം സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ആഗോളപ്രശ്‌നമാക്കി മാറ്റുന്നതിനുള്ള വാദങ്ങൾ ഉന്നയിച്ചുവെങ്കിലും അത് ഫലപ്രദമായില്ല. അനുഛേദം 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികൾ തടവിലാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. ഇമ്രാൻ ഖാന്റെ വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒന്നാം സെക്രട്ടറി വിധിഷ മെയ്ത്ര നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടുകയുണ്ടായി. 'തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്ഥാന് ഒരു അർഹതയുമില്ല. യുഎന്നിന്റെ പട്ടികയിലുൾപ്പെട്ട 130 തീവ്രവാദികൾക്കും 25 തീവ്രവാദ സംഘടനകൾക്കും അഭയം നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അദ്ദേഹം ഒസാമ ബിൻലാദന്റെ അനുകൂലി അല്ലെന്ന് പറയാനാകുമോ? യു.എൻ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാനാണെന്ന് അവർ ഏറ്റുപറയുമോ?' വിധിഷ മെയ്ത്ര ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് അവർ ആവർത്തിക്കുകയും ചെയ്തു.
ജനറൽ അസംബ്ലിയിൽ ചൈനയും കശ്മീർ പ്രശ്‌നം ഉന്നയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ നടത്തിയ പരാമർശങ്ങളാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിക്കുന്നത്. ചൈനക്ക് മറുപടിയെന്നോണം അദ്ദേഹവും കശ്മീർ തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതുപോലെ തന്നെ ജമ്മുവും കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമാണ് വ്യക്തമാക്കിയത്.
മറ്റു രാജ്യങ്ങളും ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ പാക് അധിനിവേശ കശ്മീരിലെ അനധികൃത ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിൽ വെച്ച് പ്രസിഡന്റ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഒന്ന് കശ്മീർ സംബന്ധിച്ചായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയവും പ്രശ്‌നവും തന്നെയാണ്.
അക്കാര്യം ഇന്ത്യ ആവർത്തിക്കുമ്പോഴും ആഗോള തലത്തിൽ അത് ചർച്ച ചെയ്യപ്പെടാനിടയായതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബി.ജെ.പി സർക്കാരും നരേന്ദ്രമോഡിയുമാണ് ഉത്തരം പറയേണ്ടത്. ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ യുഎസിനും ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കും കശ്മീരിനെ കുറിച്ച് പറയേണ്ടി വരുന്നത് അവിടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ നടപടികൾ കൊണ്ടുതന്നെയാണ്. ദശകങ്ങളായി നിലനിന്ന അവകാശങ്ങൾ കവർന്നെടുത്ത് ഒരു ജനതയെ മുഴുവൻ തടങ്കലിലാക്കാനും മനുഷ്യാവകാശ ലംഘനം രൂക്ഷമാക്കാനും ഇടയാക്കിയത് ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കാനും കശ്മീരിനെ വിഭജിക്കാനുമുള്ള തീരുമാനം തന്നെയാണ്. ആഭ്യന്തര പ്രശ്‌നമെന്ന് പറയുമ്പോഴും അവിടത്തെ ജനങ്ങളുടെ പ്രയാസങ്ങളോ പ്രതിസന്ധികളോ, അഭിമുഖീകരിക്കുന്ന ദുരന്തങ്ങളോ കാണുന്നതിന് കേന്ദ്ര ഭരണാധികാരികൾ സന്നദ്ധമാകുന്നില്ലെന്നതാണ് കശ്മീരിനെ ആഗോളതല ചർച്ചയാക്കുന്നതിന് ഇടയാക്കിയത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കശ്മീർ എന്നത് വസ്തുതയാണെങ്കിലും ഇന്നത് ആഗോള വിഷയമാക്കിയതിൽ നമ്മുടെ ഭരണാധികാരികൾക്കുള്ള പങ്ക് ഒരു യാഥാർഥ്യം തന്നെയാണ്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയവും പ്രശ്‌നവും തന്നെയാണ്. അക്കാര്യം ഇന്ത്യ ആവർത്തിക്കുമ്പോഴും ആഗോള തലത്തിൽ അത് ചർച്ച ചെയ്യപ്പെടാനിടയായതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബിജെപി സർക്കാരും നരേന്ദ്രമോഡിയുമാണ് ഉത്തരം പറയേണ്ടത്.  

Latest News