മുംബൈ - മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് താക്കറെ കുടുംബം. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചെറുമകനും, നിലവിലെ പാർട്ടി തലവൻ ഉദ്ധവ് താക്കറേയുടെ മൂത്ത മകനുമായ ആദിത്യ താക്കറെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയിലെ വർളിയിൽനിന്നാണ് ആദിത്യ മത്സരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ ഒരു ശിവസൈനികൻ ഇരിക്കുമെന്ന് താൻ പിതാവിന് വാക്ക് കൊടുത്തിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന സഖ്യത്തിന് ഇരുപാർട്ടികളും അന്തിമരൂപം നൽകിയതിന് പിന്നാലെയാണ് താക്കറെ പുത്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവസിനെ ലക്ഷ്യം വെക്കുന്ന പ്രഖ്യാപനം ബി.ജെ.പി അണികളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് താക്കറെ കുടുംബത്തിൽനിന്നൊരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1966ൽ ശിവസേനക്ക് രൂപം കൊടുത്തത് ബാൽ താക്കറെ ആണെങ്കിലും അദ്ദേഹമോ കുടുംബാംഗങ്ങളോ ഇതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദിത്യ താക്കറെ സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പ്രഖ്യാപിച്ചു. സാങ്കേതിക കാരണങ്ങളാൽ ചന്ദ്രയാന് ചന്ദ്രനിൽ എത്താൻ കഴിഞ്ഞില്ല. എന്നാൽ ഈ സൂര്യൻ (ആദിത്യ താക്കറെ) സംസ്ഥാന മന്ത്രാലയത്തിന്റെ ആറാം നിലയിൽ (മുഖ്യമന്ത്രിയുടെ ഓഫീസ്) എത്തിയിരിക്കും - റൗത്ത് പറഞ്ഞു.
അതിനിടെ, ഒക്‌ടോബർ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും ഉൾപ്പെടുന്ന മഹാസഖ്യത്തിനാണ് (മഹായുതി) രൂപം നൽകിയിരിക്കുന്നതെന്ന് ഇരു പാർട്ടികളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ), രാഷ്ട്രീയ സമാജ് പക്ഷ്, ശിവ സംഗ്രാം സംഘടന, റായത് ക്രാന്തി സേന എന്നിവയാണ് മഹായുതിലെ മറ്റ് ഘടകകക്ഷികൾ. ഓരോ കക്ഷികളും എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യം ഉദ്ധവ് താക്കറേയും മുഖ്യമന്ത്രി ഫഡ്‌നവിസും പിന്നീട് പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.






