ന്യൂദൽഹി - ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും മരണം 145 ആയി. ഏറ്റവുമധികം ദുരിതമുണ്ടായത് ബിഹാറിലാണ്. സംസ്ഥാന തലസ്ഥാനമായ പട്‌ന മൂന്ന് ദിവസമായി പ്രളയത്തിന്റെ പിടിയിലാണ്. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി മഴ തോരാതെ പെയ്യുന്നു. പല പ്രദേശങ്ങളിലും വെള്ളം കയറി. വരും ദിനങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിരവധി മലയാളികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയത്തിൽ കുടുങ്ങിയിട്ടുണ്ട്. ഇവർക്കുവേണ്ട സഹായം ഏകോപിപ്പിക്കുന്നതിനായി ന്യൂദൽഹിയിലെ കേരള ഹൗസിൽ ഹെൽപ്‌ലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്. പട്‌നയിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഹാർ സർക്കാർ വ്യോമസേനയുടെ സഹായം തേടിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഹെലിക്കോപ്റ്ററുകൾ അയച്ചുകൊടുത്തിട്ടുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനാണ് വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തിക്കണമെന്ന് അഭ്യർഥിച്ചിട്ടുള്ളത്.
ഗയ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മറ്റൊരാൾ നദിയിൽ മുങ്ങി മരിച്ചതായും റിപ്പോർട്ടുണ്ട്. ജഹാനാബാദിൽ മൂന്ന് വയസ്സുകാരിയും ഭിത്തി ഇടിഞ്ഞുവീണ് മരിച്ചു.
ഉത്തർ പ്രദേശിൽ കഴിഞ്ഞ വ്യാഴാഴ്ചക്കുശേഷം കാലവർഷക്കെടുതികളിൽ മൊത്തം 93 പേരാണ് മരിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് അവധിയിലുള്ള സർക്കാർ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിക്ക് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടു. ഗംഗാ നദീതീരത്തുള്ള ബലിയ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെ തുടർന്ന് 900ഓളം തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഝാർക്കണ്ഡിലെ ഡുംക ജില്ലയിൽ മഴക്കെടുതിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വീടിന്റെ ഭിത്തി ഇടിഞ്ഞ് ഇവരുടെ ദേഹത്ത് വീണാണ് അപകടം.
ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മൊത്തം 13 പേർ മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ കോസ്‌വേയിൽ വെള്ളം കയറിയതിനെ തുടർന്ന് കാർ ഒഴുകിപ്പോയി മൂന്ന് സ്ത്രീകളെ കാണാതായി.