Sorry, you need to enable JavaScript to visit this website.

അടൂർ പ്രകാശ് മെരുങ്ങി;  കോൺഗ്രസ് പ്രചാരണം മുറുകി 

പത്തനംതിട്ട - കോന്നി സീറ്റിൽ ഇടഞ്ഞുനിന്ന മുൻ കോന്നി എം.എൽ.എ അടൂർ പ്രകാശിനെ അനുനയിപ്പിച്ച് വരുതിയിലാക്കിയ ആശ്വാസത്തിൽ കോൺഗ്രസ് നേതൃത്വം പ്രചാരണം തുടങ്ങി. തന്റെ വിശ്വസ്തനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിനുവേണ്ടി തുടക്കം മുതൽ രംഗത്തുള്ള അടൂർ പ്രകാശിനെ അവഗണിച്ചുകൊണ്ടാണ് പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജിനെ സ്ഥാനാർഥിയായി രംഗത്തിറക്കിയത്.
ഇതേതുടർന്ന് ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ ഇന്നലെ നടന്ന മാരത്തോൺ ചർച്ചയിലൂടെയാണ് വരുതിയിലാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെതന്നെ അടൂരിലെത്തി പ്രകാശുമായി അനുനയ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലകൂടിയെത്തി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി സീറ്റ് റോബിൻ പീറ്ററിനുതന്നെ നൽകാമെന്ന ഉറപ്പുനൽകിയാണ് നേതാക്കൾ മഞ്ഞുരുക്കിയതെന്നാണ് സൂചന. തുടർന്ന് മോഹൻരാജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിലെത്തിയ അടൂർ പ്രകാശ് മോഹൻ രാജിനുവേണ്ടി വോട്ട് അഭ്യർഥിക്കുകയും ചെയ്തു. റോബിൻ പീറ്ററിനുവേണ്ടി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്നും ഒടുവിൽ പ്രകാശിന് പറയേണ്ടിവന്നു.
അടൂർ പ്രകാശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതുമുതൽ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി റോബിൻ പീറ്ററിന്റെ പേരാണ് പ്രധാനമായും ഉയർന്നു കേട്ടത്. റോബിനുവേണ്ടിയുള്ള ഒളിഞ്ഞും തെളിഞ്ഞമുള്ള പ്രചാരണം അടൂർ പ്രകാശിന്റെ മൗനാനുവാദത്തോടെ മണ്ഡലത്തിൽ നടക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷമാണ് മോഹൻരാജിനെ സ്ഥാനാർഥിയാക്കിക്കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനമെത്തിയത്. ഇതിനു പിന്നിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജും സംഘവുമാണെന്ന ആരോപണമാണ് പ്രകാശിനുള്ളത്. ഇതോടെ അടൂർ പ്രകാശ് ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാനുള്ള തീരുമാനവുമായി മുമ്പോട്ടുപോകുകയായിരുന്നു. തന്റെ മണ്ഡലം കോന്നിയല്ലെന്ന പ്രസ്താവനയുമായി ഒരുഘട്ടത്തിൽ പ്രകാശ് പരസ്യ പ്രതികരണം നടത്തിയത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിരുന്നു. 
തുടർന്ന് റോബിന് ഡി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം നൽകി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേതുടർന്നാണ് അനുനയവുമായി കെ.പി.സി.സി പ്രസിഡന്റുതന്നെ രംഗത്തെത്തിയത്. ചെന്നിത്തലകൂടി ചർച്ചക്കെത്തിയതോടെയാണ് നീക്കം വിജയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി സീറ്റ് റോബിൻ പീറ്ററിനുതന്നെ നൽകാമെന്ന ഉറപ്പിന്മേലാണ് മഞ്ഞുരുകിയതെന്നാണ് സൂചന. പാലായ്ക്കു പിന്നാലെ മറ്റൊരാഘാതംകൂടി മുന്നണിക്കുണ്ടാക്കരുതെന്ന അഭ്യർഥനയും നേതാക്കൾ മുന്നോട്ടുവച്ചു. 
പൊതുവേ ഇടതനുകൂല മണ്ഡലമെന്ന പേരുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി അടൂർ പ്രകാശിന്റെ പേരിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയ ഇടമാണ് കോന്നി. അതിനാൽ പ്രകാശ് ഇടഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ടായി. 
അനുനയത്തെതുടർന്ന് കൺവൻഷൻ വേദിയിലെത്തിയ അടൂർ പ്രകാശിന് വമ്പിച്ച സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തോളിലേറ്റി വേദിയിലെത്തിച്ച അദ്ദേഹത്തെ ചുംബനം നൽകിയാണ് സ്ഥാനാർഥി മോഹൻരാജ് സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മഞ്ഞുരുകിയെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും കോൺഗ്രസും. എന്നാൽ റോബിൻ പീറ്ററിനെ വെട്ടിയതു സംബന്ധിച്ച ചർച്ച പാർട്ടിയിൽ ഒടുങ്ങിയിട്ടില്ല. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് റോബിനെ ഒഴിവാക്കാൻ കാരണമെന്ന സംസാരം പാർട്ടിക്കുള്ളിൽ സജീവമാണ്.

Latest News