ബ്രിട്ടീഷ് പ്രധാനമന്ത്രി മാധ്യമ  പ്രവര്‍ത്തകയെ കടന്നു പിടിച്ചെന്ന് 

ലണ്ടന്‍- ബ്രിട്ടനിലെ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ ബോറിസ് ജോണ്‍സനു സ്വസ്ഥത ലഭിച്ചിട്ടില്ല. ഇതിനിടയ്ക്ക് പഴയ ആരോപണങ്ങളും പൊങ്ങിവരുകയാണ്. മുന്‍ അമേരിക്കന്‍ മോഡലിനൊപ്പമുള്ള ബന്ധവും വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണവും നിലനില്‍ക്കെ ബോറിസിനെതിരെ 'മീ ടൂ' ആരോപണവുമായി മാധ്യമപ്രവര്‍ത്തകയും രംഗത്തുവന്നു. ബോറിസ് സ്വകാര്യ പാര്‍ട്ടിക്കിടെ മോശമായ രീതിയില്‍ കടന്നുപിടിച്ചതായി വനിതാ മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലെറ്റ് അഡ്വാര്‍ഡ്‌സ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
1999ല്‍ നടന്ന സ്വകാര്യ ലഞ്ചിനിടെയാണ് പ്രധാനമന്ത്രി തന്റെ കാല്‍ത്തുടയില്‍  കടന്നുപിടിച്ചതെന്ന് ഷാര്‍ലെറ്റ് ആരോപിച്ചു. എന്നാല്‍ ആരോപണം ഡൗണിംഗ് സ്ട്രീറ്റ് തള്ളിയെങ്കിലും തന്റെ ഓര്‍മ്മയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ നിലപാട്. 
'പ്രധാനമന്ത്രിക്ക് സംഭവം ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും, എന്നാലും എനിക്ക് അദ്ദേഹത്തേക്കാള്‍ നല്ല ഓര്‍മ്മശക്തിയുണ്ട്', അവര്‍ ട്വീറ്റ് ചെയ്തു. 
തന്റെ അനുഭവത്തെക്കുറിച്ച് മറ്റൊരു സ്ത്രീയോട് വിവരം പങ്കുവെച്ചപ്പോള്‍ ബോറിസില്‍ നിന്നും ഈ മോശം അനുഭവം തനിക്കും ഉണ്ടായെന്ന് അവര്‍ പ്രതികരിച്ചതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ നിന്നും അടുത്തിടെയാണ് ഷാര്‍ലെറ്റ് സണ്‍ഡേ ടൈംസില്‍ ജോയിന്‍ ചെയ്തത്. അമേരിക്കന്‍ ബിസിനസ്സുകാരി ജെന്നിഫറുമായി ലണ്ടന്‍ മേയര്‍ പദവിയിലിരിക്കവെ ബോറിസിന് ബന്ധമുണ്ടായെന്ന റിപ്പോര്‍ട്ടും സണ്‍ഡേ ടൈംസാണ് പ്രസിദ്ധീകരിച്ചത്. 
ഒക്ടോബര്‍ 31നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തിറക്കാന്‍ പാടുപെടുന്നതിന് ഇടെയാണ് ലൈംഗിക ആരോപണങ്ങള്‍ പ്രധാനമന്ത്രിക്ക് തലവേദനയാകുന്നത്. യുഎസ് ബിസിനസ്സുകാരിയുമായുള്ള ബന്ധം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയ ഘട്ടത്തിലാണ് ഷാര്‍ലെറ്റിന്റെ വെളിപ്പെടുത്തല്‍. 


 

Latest News