Sorry, you need to enable JavaScript to visit this website.

വ്യവസായികൾക്കിടയിലെ കിടമത്സരം വെളിച്ചെണ്ണ വില കുറച്ചു

നവരാത്രി വേളയിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വെളിച്ചെണ്ണക്ക് ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് വൻകിട മില്ലുകാർ. തമിഴ്‌നാട് ലോബി ഈ കണക്ക് കൂട്ടലിൽ സ്‌റ്റോക്കുള്ള എണ്ണ വിറ്റഴിക്കാൻ മത്സരിക്കുകയാണ്. വ്യവസായികളിൽ ഉടലെടുത്ത കടുത്ത മത്സരം മൂലം പോയവാരം വെളിച്ചെണ്ണ വില ക്വിന്റലിന് 200 രൂപ കുറഞ്ഞു. ഉൽപാദിപ്പിച്ച വെളിച്ചെണ്ണ കാങ്കയത്തും ഇതര ഭാഗങ്ങളിലുമുള്ള മില്ലുകളിലും കെട്ടിക്കിടക്കുകയാണ്. ഏത് വിധേനയും ഇത് വിറ്റഴിച്ചാൽ മാത്രമേ പുതിയ കൊപ്ര സംഭരണത്തിന് അവർ തയ്യാറാവൂ. തമിഴ്‌നാട്ടിൽ കൊപ്ര വില 9700 രൂപ മാത്രമാണ്. ഈവാരം നവരാത്രി ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. അതേ സമയം പാം ഓയിൽ അടക്കമുള്ള പാചകയെണ്ണകളുടെ വില താഴ്ന്നത് വെളിച്ചെണ്ണക്ക് തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 15,000 രൂപയിലാണ്. എണ്ണ വില താഴുന്നത് കണ്ട് ചെറുകിട ഉൽപാദകർ കൊപ്ര വിൽപന നടത്തുന്നുണ്ട്. അടുത്ത വാരം ഉത്സവ ദിനങ്ങൾ കഴിയുന്നതോടെ ഉത്തരേന്ത്യയിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കും. ഈ അവസരത്തിൽ ചുക്കിന് ആഭ്യന്തര ഡിമാന്റ് ഉയരും. തണുപ്പ് തുടങ്ങുന്നതോടെ അവർ എല്ലാ വർഷവും ഉയർന്ന അളവിൽ ചുക്ക് ശേഖരിക്കാറുണ്ട്. മൂന്ന് മാസമായി ചുക്ക് വില സ്‌റ്റെഡിയാണെങ്കിലും ഉത്തരേന്ത്യൻ അന്വേഷണങ്ങൾ എത്തിയാൽ വിപണി ചൂടുപിടിക്കാം. യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ ചുക്ക് വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ പുതിയ ഓർഡറുകൾ എത്തിയിട്ടില്ലെന്ന നിലപാടിലാണ് കയറ്റുമതിക്കാർ. വിവിധയിനം ചുക്ക് 22,500-26,500 രൂപയിലുമാണ്. 
ഇറക്കുമതി കുരുമുളക് വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതിനാൽ നാടൻ ചരക്കിൽ നിന്ന് വിപണിയിലെ മരവിപ്പ് മൂലം വില ഉയർത്തി മുളക് ശേഖരിക്കാൻ വാങ്ങലുകാർ തയ്യാറായില്ല. ഇതിനിടയിൽ കൂർഗ്ഗിൽ നിന്നുമുള്ള വിൽപന സമ്മർദ്ദവും ഉൽപന്നത്തിൽ സമ്മർദ്ദം ഉളവാക്കി. നവംബറിൽ തെക്കൻ ജില്ലകളിൽ കുരുമുളക് വിളവെടുപ്പ് തുടങ്ങും. മൂപ്പ് കുറഞ്ഞ ചരക്ക് വരവിനെ ഉറ്റ്‌നോക്കുകയാണ് ഒലിയോറസിൻ കമ്പനികൾ. സത്ത് നിർമാതാക്കൾ ശ്രീലങ്കൻ ചരക്ക് ശേഖരിക്കുന്നുണ്ട്. അവിടെ നിരക്ക് കുറവായതിനാൽ ഇറക്കുമതിക്കാണ് വ്യവസായികൾ മുൻതൂക്കം നൽകുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5050 ഡോളറിലാണ് നീങ്ങുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 34,400 രൂപ. ലേല കേന്ദ്രങ്ങളിൽ പുതിയ ഏലക്ക വരവ് ഉയർന്നതിനൊപ്പം വാങ്ങൽ താൽപര്യം വർധിച്ചു. ആഭ്യന്തര വ്യാപാരികൾ ഏലക്ക സംഭരിക്കാൻ പതിവിലും ഉത്സാഹിച്ചതിനാൽ പല ദിവസങ്ങളിലും ലേലത്തിന് എത്തിയ ചരക്ക് പൂർണമായി വിറ്റു. വാരാവസാനം വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 3344 രൂപയിലും ശരാശരി ഇനങ്ങൾ 3091 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. രാജ്യാന്തര റബർ അവധി വിപണികളിൽ ഉൽപ്പന്നത്തിന് തിരിച്ചടി. ടാപ്പിങ് സീസണായതിനാൽ തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കനത്തതോതിൽ റബർ വിൽപ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. ബാങ്കോക്കിൽ നാലാം  ഗ്രേഡിന് തുല്യമായ ചരക്ക് 10,582 രൂപയായി താഴ്ന്നു. ഇന്ത്യൻ വില 12,500 ലാണ്. ക്വിന്റലിന് 2000 രൂപയുടെ അന്തരമുള്ളതിനാൽ ടയർ ലോബി ഇറക്കുമതിക്ക് ഉത്സാഹിച്ചു. സംസ്ഥാനത്ത് റബർ ടാപ്പിങ് ഊർജിതമായതിനൊപ്പം വിപണികളിൽ റബർ വരവും ഉയർന്നു. അതേ സമയം വില തകർച്ച കർഷകരെ സാമ്പത്തിക ഞെരുക്കത്തിലുമാക്കി. അഞ്ചാം ഗ്രേഡ് റബർ 12,300 രൂപയിലും ലാറ്റക്‌സ് 9600 രൂപയിലുമാണ്. സ്വർണ വിലയിൽ ചാഞ്ചാട്ടം 27,920 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച പവൻ വാരമധ്യം 28,080 വരെ കയറിയെങ്കിലും പിന്നീട് നിരക്ക് 27,840 ലേയ്ക്ക് താഴ്ന്നു. ശനിയാഴ്ച്ച പവൻ 27,920 ൽ മാർക്കറ്റ് ക്ലോസിങ് നടന്നു.

 

Latest News