Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ പരീക്ഷണങ്ങൾ ഓഹരി വിപണിക്ക് തുണയായി

സാമ്പത്തിക മേഖലക്ക് ഊർജം പകരാൻ കേന്ദ്രം നടത്തിയ പരീക്ഷണങ്ങൾക്ക് ഓഹരി വിപണി പച്ചക്കൊടി ഉയർത്തി. പ്രമുഖ ഇൻഡക്‌സുകൾ നാല് മാസത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് പിന്നിട്ടവാരം ചുവടുവെച്ചു. ബി എസ് ഇ എൻ എസ് ഇ സൂചികൾ രണ്ട് ശതമാനം പ്രതിവാര നേട്ടത്തിലാണ്. ബോംബെ സെൻസെക്‌സ് 808 പോയിന്റും നിഫ്റ്റി 238 പോയിന്റും കഴിഞ്ഞവാരം കയറി. 
മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പോലെ വാരാരംഭത്തിലെ ആവേശം രണ്ടാം പകുതിയിൽ വിപണിക്ക് നിലനിർത്താനായില്ല. സാങ്കേതികമായി വിപണി ഓവർ ബ്രോട്ട് മേഖലയിൽ എത്തിയെന്ന തിരിച്ചറിവാണ് വലിയൊരു വിഭാഗം ഓപ്പറേറ്റർമാരെ പ്രോഫിറ്റ് ബുക്കിന് പ്രേരിപ്പിച്ചത്.
ഈവാരം തുടക്കവും വിപണി ബുള്ളിഷായി  നീങ്ങാമെങ്കിലും ബുധനാഴ്ച്ച വിപണി അവധിയായതിനാൽ ലാഭമെടുപ്പിന് വീണ്ടും നീക്കം നടക്കാം. ബ്ലുചിപ്പ് ഓഹരികളെ അമിതമായി ഉയർത്താതെ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ച് നിർത്തി ചാഞ്ചാട്ടം സൃഷ്ടിക്കാനാവും വരും ദിവസങ്ങളിൽ വിദേശ ഫണ്ടുകൾ ശ്രമിക്കുക. താഴ്ന്ന റേഞ്ചിൽ വൻ വിൽപനകൾ ശേഷിക്കുന്നതിനാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ പുൾ ബാക്ക് റാലിക്ക് തുടക്കം കുറിക്കാനും ഇടയുണ്ട്. വിവിധ ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകൾ ഓവർ ബ്രോട്ടായതിനാൽ ഊഹക്കച്ചവടക്കാർ സാങ്കേതിക തിരുത്തലിനുള്ള അവസരം പ്രയോജനപ്പടുത്താം. ബോംബെ സെൻസെക്‌സ് വിപണിയെ മൊത്തത്തിൽ ആവേശത്തിലാക്കി. 38,014 ൽ നിന്ന് 39,000 പോയിന്റും കടന്ന് 39,440 വരെ സഞ്ചരിച്ച ശേഷം വാരാന്ത്യം 38,822 ലാണ്. ഇന്ന് സെൻസെക്‌സ് 39,378 ലേയ്ക്ക് ഉയരാനാവും ആദ്യ നീക്കമെങ്കിലും ഈ പ്രതിരോധം തകർത്താൽ 39,875-39,931  ഒരു കൺസോളിഡേഷന് വിപണി ശ്രമിക്കും. ഈവാരം സെൻസെക്‌സിന് താങ്ങ് 38,447-38,013 പോയിന്റിലാണ്.
നിഫ്റ്റി 11,274 ൽ നിന്നുള്ള കുതിപ്പിൽ 11,547 പോയിന്റിൽ മുൻവാരം സൂചിപ്പിച്ച പ്രതിരോധം തകർത്ത് 11,694 വരെ കയറിയെങ്കിലും 11,819 ലേയ്ക്ക് ഉയരാനുള്ള കരുത്ത് വിപണിക്ക് ലഭിച്ചതുമില്ല. ലാഭമെടുപ്പ് ശക്തമായതിനാൽ ക്ലോസിങിൽ നിഫ്റ്റിക്ക് 11,547 പോയിന്റിന് മുകളിൽ പിടിച്ചു നിൽക്കാനാവാതെ 11,512 ലേയ്ക്ക് താഴ്ന്നു. നിലവിൽ 11,337 ലെ താങ്ങ് നിലനിർത്തി 11,665 ലേയ്ക്ക് ഉയരാനാവും ആദ്യ നീക്കം. ഈ കടമ്പ ഭേദിച്ചാൽ 11,818 നെ സൂചിക ലക്ഷ്യമിടും. എന്നാൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നത് മുന്നേറ്റ സാധ്യത കുറക്കും. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ നിഫ്റ്റി 11,262 വരെ തളരാം. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപ മികവ് കാണിച്ചു. വിനിമയ നിരക്ക് 71.05 ൽനിന്ന് 70.40 ലേയ്ക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിങിൽ 70.64 ലാണ്. ഈവാരം 69.84 ലേയ്ക്കും തുടർന്ന് 69.22 ലേയ്ക്കും രൂപ നീങ്ങാൻ ഇടയുണ്ട്. 
വിദേശ നിക്ഷേപം ഉയർന്നതാണ് ഡോളറിന് മുന്നിൽ രൂപയ്ക്ക് നേട്ടമായത്. 7849.89 കോടി രൂപ  വിദേശ ഫണ്ടുകൾ ഈ മാസം ഇറക്കി. അതേ സമയം വെള്ളിയാഴ്ച്ച അവർ 217.60 കോടിയുടെ വിൽപ്പന നടത്തി. വിദേശ ഫണ്ടുകൾ ഓഗസ്റ്റിൽ 5,920 കോടി രൂപയും ജൂലൈയിൽ 2,985 കോടി രൂപയും ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചു.റിസർവ് ബാങ്ക് ഈവാരം വായ്പാ അവലോകനം നടത്തും. ആർ ബി ഐ 25 മുതൽ 50 ബേസീസ് പോയിന്റ് വരെ കുറക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക രംഗത്തെ ചലനങ്ങൾ വിലയിരുത്തിയാൽ ഡിസംബറിൽ വീണ്ടും പലിശ നിരക്കുകൾ കുറക്കാനും ഇടയുണ്ട്.
ന്യൂയോർക്കിൽ സ്വർണ വില താഴ്ന്നു. 1516 ഡോളറിൽ നിന്ന് 1488 ഡോളർ വരെ ഇടിഞ്ഞ ശേഷം 1496 ൽ ക്ലോസ് ചെയ്തു. 1485 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണം 1443 ഡോളർ വരെ താഴാം. ഇതിനിടയിൽ വിപണിയുടെ ലോങ് ട്രേം ചാർട്ട് സ്വർണം തളർച്ചയിലേയ്ക്ക് വിരൽ ചൂണ്ടാനുള്ള നീക്കത്തിലാണ്. ഈ മാസം 1443 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സ്വർണ വില അടുത്ത വർഷം 14001350 ഡോളറിലേയ്ക്ക് തിരിയാം.

 

Latest News