Sorry, you need to enable JavaScript to visit this website.

പലരും പഠിക്കാത്ത പാഠങ്ങൾ

'എരുമയുടെ മുമ്പിൽ തംബുരു മീട്ടിയിട്ട് കാര്യമില്ല; അതിനു മനസ്സിലാവുകയില്ല' എന്നൊരു ചൊല്ലുണ്ട്. പാലാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനം പാഠം പഠിപ്പിച്ചു എന്നു പറയുമ്പോഴും അർഥം ഒന്നു തന്നെ. പ്രധാന റോളിൽ കേരളാ കോൺഗ്രസും കോൺഗ്രസുമാണല്ലോ. ഒന്നാമന്റെ മാതൃ പേടകം കോൺഗ്രസ്. അതിനാൽ ജനിതക തകരാറുകൾ കുഞ്ഞുങ്ങളും ആവർത്തിക്കും. പൈതൃകമായി ലഭിച്ചതാണ് ചെയർമാൻ സ്ഥാനമെന്ന് ജോസ് കെ. മാണി ധരിച്ചു. ഒരു തെറ്റുമില്ല. അപ്പനപ്പൂപ്പന്മാരുടെ വകകൾ കളഞ്ഞുകുളിക്കുന്ന സമ്പ്രദായം സത്യക്രിസ്ത്യാനിക്കില്ല. തൊടുപുഴക്കാരന് അത്രയും മേന്മയൊന്നുമില്ല. പാലായും ഭരണങ്ങാനവും കാഞ്ഞിരപ്പള്ളിയും കഴിഞ്ഞേ പുഴയ്ക്കു സ്ഥാനമുള്ളൂ. പാരമ്പര്യം അവകാശപ്പെടണമെങ്കിൽ ഇനിയും ദീർഘയാത്ര ചെയ്യണം. അമ്പത്തിനാലു വർഷം ഭരിച്ച പാലായാണ് കൈവിട്ടുപോയത്. ഇനി ഓരേയൊരു വഴിയുണ്ട് മുന്നിൽ- രണ്ടിലയെ വീതം വച്ച് ഓരോന്നു സ്വന്തമാക്കുക. അതിന് കേസും വഴക്കുമൊന്നുവേണ്ടിവരില്ല. നാണം മറയ്‌ക്കേണ്ട ഭാഗത്ത് ഇരുകൂട്ടർക്കും പ്രയോജനപ്പെടും. പാലാ തിരികെ കിട്ടുന്ന ലക്ഷണമില്ല. പുതിയ പാലമിട്ട മാണി സി. കാപ്പൻ ദേശീയ വോളിബോൾ താരമായിരുന്നു. അതിനാൽ 'കിക്കും' 'സ്മാഷും' അറിയാം. സിനിമാ നിർമാതാവും നടനുമാണ്, അതിനാൽ സർവനാടകങ്ങളും കരതലാമലകം! നാണം മറയ്ക്കുന്ന ജോസിനും ജോസഫിനും വേണമെങ്കിൽ ഒന്നിക്കാനും കഴിയും. ത്യാഗസമ്പന്നനും ഗാന്ധിയനുമായ മുല്ലപ്പള്ളി സഹായിക്കും. സ്വന്തം പാർട്ടിയിൽ അദ്ദേഹത്തെ ആരും അനുസരിക്കാറില്ല. അതിനാൽ ഒന്നുവിളിച്ചാൽ മതി, ഓടിയെത്തും.

 

****                               ****                         ****

സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് പദവി മുല്ലപ്പള്ളിക്കു വഴങ്ങില്ല എന്നു ദിവസം കഴിയുന്തോറും തെളിയുന്നു. 'സിക്‌സറ'ടിക്കുമെന്നു പറഞ്ഞ് പാലായ്ക്കു വച്ചുപിടിച്ചതാണ്. അനന്തര ഫലം കണ്ടു. ഇനി അഞ്ചുസീറ്റുകളിൽ നടക്കാൻ പോകുന്നത് ഒക്‌ടോബർ വിപ്ലവം. അതിന്റെ ബഹളം പാർട്ടിയിൽ മൂത്തപ്പോഴൊക്കെ മാനം കാത്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിഷ്‌കാമകർമികളായിട്ടല്ല; സ്വന്തം ഗ്രൂപ്പു പിള്ളേരെ പിടിച്ചു മണ്ഡലങ്ങൾ ഏൽപിക്കണമല്ലോ. മുരളീധരൻ മാത്രമേ 'വെട്ടൊന്ന്, കണ്ടം രണ്ട്' എന്നു പറഞ്ഞു കേട്ടുള്ളൂ. യു.ഡി.എഫിനു ക്ഷീണമുണ്ടാക്കുന്നതു തുടർന്നങന്റ പിടിച്ചു പുറത്താക്കണമെന്നാണദ്ദേഹം മൊഴിഞ്ഞത്. ഉദ്ദേശിച്ചതു കേരളാ കോൺഗ്രസിനെയാണെങ്കിലും, മാനക്കേടുണ്ടാക്കുന്നതിൽ മുൻപന്തിയിൽ സ്വന്തം പാർട്ടിക്കാരാണെന്ന് ആർക്കാണറിയാത്തത്! മുരളീധരൻ ഷേക്‌സ്പീയർ കൃതികളും ഇന്ത്യൻ ഇതിഹാസങ്ങളുമൊന്നും വായിച്ചിട്ടില്ല. അതുകൊണ്ട് പ്രശ്‌ന പരിഹാരം തുറന്നു പറഞ്ഞു. മാത്രമല്ല, വട്ടിയൂർക്കാവിൽ സ്വന്തം 'ഗോസ്റ്റ് റൈട്ടറാ'യ കുറുപ്പു ചേട്ടനെ വാഴിക്കാനിറങ്ങിയിട്ടു പിൻവാങ്ങുകയും ചെയ്തു. ആ പത്തൊമ്പതാമത്തെ അടവു പഠിച്ചത് പണ്ട് ഡി.ഐ.സി രൂപീകരിച്ച് വീണു പരിക്കുപറ്റിയതോടെയാകണം. എന്നാൽ കോന്നിയിൽ ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ വടംകെട്ടി വലിക്കാൻ കെ.പി.സി.സി ഒത്തിരി വിയർക്കേണ്ടിവന്നു. പ്രകാശിനെ വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞു. പ്രകാശിന്റെ സ്ഥാനാർഥി റോബിൻ പീറ്ററെ പാർട്ടിയും തള്ളി. പെരുന്ന സുകുമാരൻ നായർജിയുടെ സ്ഥാനാർഥി അവിടെ കടന്നുകൂടി എന്നാണ് കണിച്ചുകുളങ്ങരയിലെ വെളിപാട്. അരൂരിലെ ഷാനിമോൾ ഉസ്മാനാകട്ടെ, മുസ്‌ല്യാരുടെ സ്ഥാനാർഥിയെന്നും. ഒരു കാര്യം വ്യക്തമാകുന്നു, അടുത്ത തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസുകാർ വാഹനം നിറയെ വെള്ളാപ്പള്ളിയെ കാണാനെത്തും. അവിടെ നിന്നു കിട്ടുന്നു 'നീട്ട്' അനുസരിച്ചേ സ്ഥാനാർഥി നിർണയം ഉണ്ടാകൂ. പെരുന്നയിൽ മുല്ലപ്പള്ളിക്കു പ്രവേശനം കിട്ടാൻ സാധ്യതയില്ല. പണ്ട് വി.എം. സുധീരൻ എന്ന മുൻ പ്രസിഡന്റിനെ ഇറക്കിവിട്ട സംഭവം ചരിത്രത്തിലുണ്ട്. മടക്കുമ്പോൾ സ്വദേശത്തേക്കു മടങ്ങുന്ന കാര്യം നിലവിലുള്ള കെ.പി.സി.സി പ്രസിഡന്റ് ആലോചിക്കുന്നുണ്ട്. 'മുല്ലപ്പള്ളി' എന്ന പ്രദേശം കോഴിക്കോട്ടാണോ ദില്ലിയിലാണോ, അതോ വർത്തമാന കാലത്ത് താമസിച്ചുപോരുന്ന പേരൂർക്കടയിലാണോ എന്ന ശങ്കപോലും തുടങ്ങിക്കഴിഞ്ഞു. ഏറെ കാലം പേരൂർക്കടയിൽ താമസവും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചു ചുമന്നാൽ ഭ്രാന്തു പിടിക്കുമോ എന്ന ശങ്ക വേറെയും!

****                           ****                          ****

ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക കേന്ദ്ര പാർലമെന്ററി ബോർഡ് പുറത്തിറക്കുമത്രേ! കേരളത്തിലെ എളിയ അഞ്ചു മണ്ഡലങ്ങളും കൂടി ഉൾപ്പെടുന്നതിൽ നാം രോമാഞ്ചമണിയണം! 'ത്യാഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി' എന്ന കവി വചനമനുസരിച്ചാണ് സംസ്ഥാന ബി.ജെ.പി ഇതുവരെ ജീവിച്ചു പോന്നത്.
ഒരു കൈയബദ്ധം പറ്റിയത് നേമം മണ്ഡലത്തിലാണ്. കേരള ചരിത്രത്തിൽ, എവിടെയും വോട്ടു മറിച്ചു കൊടുത്ത് പ്രതിഫലേച്ഛ കൂടാതെ കർമം ചെയ്തു പോന്നതാണ് പാരമ്പര്യം. ഇത്തവണ കേന്ദ്രം കൈവശമുണ്ട്. സ്ഥാനാർഥി പട്ടിക അവർ പുറത്തുവിടുന്നത് ഹെലികോപ്ടർ വഴിയായിരിക്കുമെന്നാണ് ലഭിച്ച വിവരം. ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങൾക്കു മീതെ തലങ്ങും വിലങ്ങുമായി പൂത്തുമ്പികളെപ്പോലെ പറന്ന് ജനത്തിനു മതിയാകും വരെ അവ പട്ടിക വിതറിക്കൊണ്ടേയിരിക്കും. നവമാധ്യമങ്ങളുടെ കാര്യം പറയാനുമില്ല. 'വിരലൊന്നുമുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളേ' എന്ന സിനിമാഗാനത്തിന്റെ അകമ്പടിയോടെയാകും, സ്ഥാനാർഥികൾ മൊബൈൽ ആപ്പുകളിൽ വോട്ടറന്മാർക്ക് 'ആപ്പായി' മാറുക. അരൂർ മണ്ഡലത്തിനു മീതെ പറക്കുന്ന കാര്യം പിന്നീട്. മത്സരിക്കാത്ത ബി.ഡിജെ.എസുകാരെ എൻ.ഡി.എയിൽനിന്നും കഴുത്തിനു പിടിച്ചു പുറത്താക്കും. നടേശ ഗുരുവിനെ വണങ്ങി നടന്നോട്ടെ. ഇനി കേരള രാഷ്ട്രീയത്തിൽ കസേര നേടുകയില്ല. നമുക്കുപോലും ഉറപ്പില്ല, പിന്നല്ലേ!

****                           ****                          ****

സ്ഥാനാർഥിപ്പട്ടികയും പ്രകടന പത്രികയുമൊക്കെ ഒരു പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ടു റിലീസ് ചെയ്യിച്ചാൽ പോരേ എന്നൊരു അഭിപ്രായം ദില്ലിയിൽ കിട്ടിയിട്ടുണ്ട്. ഇന്നത്തെ ഇന്ധന വില ഓർത്താൽ അതാണു ഭേദം. മാത്രമല്ല, കേരളത്തിൽ ഒരുപക്ഷം, സംസ്ഥാനത്തിനകത്തുള്ളവരെങ്കിലും അറിയുമായിരുന്നു! കോന്നിയിൽ കെ. സുരേന്ദ്രൻ ഇടഞ്ഞുനിന്നതു ആശയക്കുഴപ്പമുണ്ടാക്കി. സ്ഥലം ആനകളുടെയും കള്ളത്തടിക്കച്ചവടത്തിന്റെയും കേന്ദ്രം. സ്വന്തക്കാർ വോട്ടു മറിക്കുമെന്നുള്ള ശങ്കയാണെങ്കിൽ, അതു നമ്മുടെ 'ജീവിത ശൈലീരോഗ' മാണെന്നു കരുതി സമാധാനിക്കുകയേ വഴിയൂള്ളൂ. ഓരോ തവണ തോൽക്കുമ്പോഴും ഓരോ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനും 'ഗവർണർപദ'ത്തോട് അടുക്കുകയാണെന്ന കാര്യം മറക്കരുത്. അതാണല്ലോ നമ്മുടെ മേഖലയിൽ 'പരമപദം പ്രാപിക്കുക' എന്ന് ഈയിടെയായി ചൊല്ലി വരുന്നത്! പിന്നെ, കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനു 'പ്രാപ്തി' യില്ലെന്ന വെള്ളാപ്പള്ളി വചനം! അതാർക്കാണറിയാത്തത്! പ്രസിഡന്റ് ശ്രീധരൻപിള്ള വക്കീലിനു പോലും അറിയാവുന്ന സത്യം! പഴയ  എൻ.ഡി.പിയുടെ പുനർജന്മമാണ്. ഇവിടുത്തെ ബി.ജെ.പി എന്ന് ഓരോ ദിവസവും കഴിയുന്തോറും വെളുത്തവാവു പോലെ തെളിഞ്ഞു വരികയാണല്ലോ. എൻ.എസ്.എസിന്റെ എൻ.ഡി.പിക്ക് അഞ്ചു ഗ്രൂപ്പുണ്ടായിരുന്നു. സംസ്ഥാന ബി.ജെ.പിക്ക് അമ്പതുണ്ട് എന്നു മാത്രം! അതു തന്നെ പുരോഗതിയുടെ ലക്ഷണമല്ലേ?

Latest News