ബിഹാര്‍ പ്രളയത്തില്‍ ഉപമുഖ്യമന്ത്രിയും കുടുംബവും പെട്ടു; രക്ഷപ്പെടുത്തി

പട്‌ന- ബിഹാറില്‍ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളില്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും കുടുംബവും ഉള്‍പ്പെട്ടു. പട്‌നയിലെ നിരവധി വീടുകളാണ് വെള്ളത്തിലായത്. മോഡിയുടെ വീടും ഇതില്‍പ്പെട്ടു. രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുകളില്‍ നിരവധി കുടുംബങ്ങള്‍ക്കൊപ്പം സുശീല്‍ മോഡിയേയും കുടുംബത്തേയും രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും ശക്തമായ മഴ സംസ്ഥാനത്ത് ഇത്തവണ പെയ്തത്. ബിഹാറില്‍ ഇതുവരെ 27 പേര്‍ മരിച്ചു. പ്രളയത്തില്‍ തലസ്ഥാന നഗരിയെ കൂടാതെ വിവിധ ജില്ലകളെ വെള്ളത്തിലാക്കി. പട്‌നയില്‍ നിരവധി ആശുപത്രികളും മരുന്നു കടകളും അരയോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് സുശീല്‍ മോഡിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചത്.

മഴ നിന്നെങ്കിലും വെള്ളപ്പൊക്കം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. അടുത്ത ദിവസവും കൂടുതല്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. ഇവിടെ ഇതുവരെ 87 പേരാണ് മരിച്ചത്.
 

Latest News