Sorry, you need to enable JavaScript to visit this website.

ജമാൽ ഖശോഗിയുടെ കൊല, സൗദിയിലെ വനിതാ മുന്നേറ്റം, അറാംകോ ആക്രമണം-കിരീടാവകാശി സംസാരിക്കുന്നു

ന്യൂയോര്‍ക്ക്- മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടു എന്നത് കള്ളമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സി.ബി.എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ഖശോഗിയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചത് സൗദി സർക്കാറിലെ തന്നെ ഉദ്യോഗസ്ഥരായതിനാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം സർക്കാറിന്റെ ഉപമേധാവി എന്ന നിലയിൽ തനിക്കാണെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. 
സി.ബി.എസ് ഈവനിംഗ് ന്യൂസ് അവതാരകൻ നോറ ഒ ഡോണലുമായാണ് കിരീടാവകാശി സംസാരിച്ചത്. ജമാൽ ഖശോഗിക്കെതിരായ നടപടി ഏറ്റവും ഹീനമായ കൃത്യമാണ്. സൗദിയുടെ ഉപ നേതാവ് എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രത്യേകിച്ച് ഈ ഹീന കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്റെ സർക്കാരിലെ ഉദ്യോഗസ്ഥരായതിനാൽ. ഏതെങ്കിലും സൗദി പൗരനെതിരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും ഞാൻ ഏറ്റെടുക്കണം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ ഇരുപതിനാണ് ജമാൽ ഖശോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. 
മുപ്പത് ലക്ഷത്തോളം പേർ സൗദി സർക്കാർ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. ഇവർ ഓരോ ദിവസവും എന്തൊക്കെ ചെയ്യുന്നു, ഏതൊക്കെ മെയിൽ അയക്കുന്നു എന്ന കാര്യമൊന്നും സ്ഥിരമായി പരിശോധിക്കാനാകില്ലെന്നും കിരീടാവകാശി പറഞ്ഞു. 
സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലൂജെയിൻ അൽ ഹത്‌ലൗലിനെ ജയിലിൽ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കിയെന്ന സംഭവം ശരിയാണെങ്കിൽ അത് ഹീനമാണെന്നും കിരീടാവകാശി വ്യക്തമാക്കി. സൗദിക്കെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്നും ഇത് സങ്കടമുണ്ടാക്കുന്നതാണെന്നും കിരീടാവകാശി വ്യക്തമാക്കി. എല്ലാവരും സൗദിയിലേക്ക് വന്ന് സത്യാവസ്ഥ മനസിലാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.സ്ത്രീ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന തരത്തിൽ നിരവധി പരിഷ്‌കാരങ്ങളുമായി സൗദി മുന്നോട്ടുപോകുകയാണ്. അറാംകോ ആക്രമണത്തിന് പിന്നിൽ ഇറാന് വ്യക്തമായ പങ്കുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. 
 

Latest News