തീയതി നാലോ അഞ്ചോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് അമിത് ഷാ
ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ തഹ്‌സില്‍, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സമയക്രമം നിശ്ചയിച്ചതായും നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഇത് പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. കശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കും. 40,000 ഗ്രാമത്തലവന്മാര്‍ കശ്മീരിലെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കുമെന്ന് ഒരു ചടങ്ങില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
ഗ്രാമങ്ങളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പണം നേരിട്ട് സര്‍പഞ്ചസിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോകുക. നേരത്തെ ഇത് സെക്രട്ടറിേയറ്റിനു താഴേക്ക് പോയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ശേഷം താഴ്‌വരയില്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്.
കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണത്തിലാക്കിയ നടപടിയോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കൃത്യമായി വിലയിരുത്താനായിട്ടില്ല. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ശ്രീനഗറിലും പരിസരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.