ന്യൂദല്‍ഹി- പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സിസ്റ്റര്‍ മറിയം ത്രേസ്യയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭാരതം അവരവര്‍ക്ക് വേണ്ടിയല്ലാതെ മറ്റുള്ളവരുടെ നന്‍മക്ക് വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അസാധാരണ വ്യക്തിത്വങ്ങളുടെ കര്‍മഭൂമിയാണെന്നു ചൂണ്ടിക്കാട്ടിയാണ് മറിയം ത്രേസ്യയെ പ്രധാനമന്ത്രി അനുസ്മരിച്ചത്. മറിയം ത്രേസ്യയെന്ന മഹാവ്യക്തിത്വം ഒക്ടോബര്‍ 13-ന് വത്തിക്കാന്‍ നഗരത്തില്‍ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനമേകുന്ന കാര്യമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. സിസ്റ്റര്‍ മറിയം ത്രേസ്യ അമ്പതു വര്‍ഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവൃത്തികള്‍ ലോകത്തിനു മുഴുവന്‍ തന്നെയും ഉദാഹരണമാണ്. സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലയോട് അവര്‍ക്ക് വലിയ അടുപ്പമായിരുന്നു. അവര്‍ പല സ്‌കൂളുകളും ഹോസ്റ്റലുകളും അനാഥാലയങ്ങളും പണിയിപ്പിച്ചു, ജീവിതാവസാനം വരെ ആ ദൗത്യത്തില്‍ മുഴുകി. സിസ്റ്റര്‍ മറിയം ത്രേസ്യ ചെയ്ത പ്രവൃത്തികളെല്ലാം നിഷ്ഠയോടും മനസ്സര്‍പ്പിച്ചും തികഞ്ഞ സമര്‍പ്പണമനോഭാവത്തോടും കൂടിയായിരുന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിതദര്‍ശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു. ഒരിക്കല്‍കൂടി സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു, ഭാരതത്തിലെ ജനങ്ങളെ, വിശേഷിച്ചും ക്രൈസ്തവ സഹോദരീ സഹോദരന്മാരെ ഈ നേട്ടത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നുവെന്നും മോഡി മന്‍കി ബാത്തില്‍ പറഞ്ഞു.
തൊണ്ണൂറാം വയസ്സിലേക്ക് കടക്കുന്ന ഗായിക ലതാ മങ്കേഷ്‌കറിനും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ലതാ മങ്കേഷ്‌കറുമായി മോഡി നടത്തിയ ടെലഫോണ്‍ സംഭാഷണവും മന്‍ കി ബാത്തില്‍ പ്രക്ഷേപണം ചെയ്തു.
സെപ്റ്റംബര്‍ 28 നായിരുന്നു വിഖ്യാത ഗായികയുടെ ജന്മദിനം. നമ്മുടെ രാജ്യം കടന്നുപോയ വിവിധ ഘട്ടങ്ങള്‍ക്ക് സാക്ഷിയാണ് ലതാ ദീദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് പ്രധാനമന്ത്രി മോഡി ലതാ മങ്കേഷ്‌കറുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് അദ്ദേഹം ശ്രോതക്കളുമായി പങ്കുവെച്ചത്.
ഒരു ഇളയ സഹോദരന്‍ മൂത്ത സഹോദരിയോട് സ്‌നേഹപൂര്‍വ്വം സംസാരിക്കുന്നത് പോലെയായിരുന്നു സംഭാഷണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായ സംഭാഷണങ്ങള്‍ ഒരിക്കലും വെളിപ്പെടുത്താറില്ലെങ്കിലും ഇന്ത്യക്കാര്‍ ഇത് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രായത്തില്‍ പോലും ലത ദീദി രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ പിന്തുടരുന്നു. ഇന്ത്യയുടെ പുരോഗതി കാണുന്നതിലും ഇന്ത്യയുടെ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിലും രാജ്യം പുതിയ ഉയരങ്ങളിലെത്തുന്നതിലും അവര്‍ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും മോഡി പറഞ്ഞു.
എല്ലാവര്‍ക്കും പ്രധാനമന്ത്രി നവരാത്രി ആശംസകളും നേര്‍ന്നു.
പുകയിലയുടെ ലഹരിയില്‍ നിന്നും യുവതയും ജനങ്ങളും മോചിതരാകണമെന്ന് മോഡി ആഹ്വാനം ചെയ്തു. പുകയിലയുടെ ലഹരി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പുകയില തിന്നുന്നവര്‍ക്ക് കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. പുകയിലയുടെ ലഹരി ഒഴിവാക്കാനാകാത്ത ശീലമാകുന്നത് അതിലെ നിക്കോട്ടിന്‍ കാരണമാണ്. കുട്ടിക്കാലത്ത് ഇത് തിന്നുന്നത് തലച്ചോറിന്റെ വളര്‍ച്ചയെത്തന്നെ ബാധിക്കുന്നു. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളോട് ഒരു പുതിയ വിഷയത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. ഭാരതത്തില്‍ ഈ അടുത്ത കാലത്ത് ഇ-സിഗരറ്റ് നിരോധിക്കപ്പെട്ടു. ഫിറ്റ് ഇന്ത്യയ്ക്കു വേണ്ടി ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് മോഡി ഓര്‍മിപ്പിച്ചു.
130 കോടി ജനങ്ങള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ (ഏകോപയോഗ പ്ലാസ്റ്റിക്ക്) നിന്ന് മോചനം നേടാന്‍ ദൃഢനിശ്ചയം എടുത്തിരിക്കയാണെന്നതില്‍ രാജ്യം മാത്രമല്ല ലോകം മുഴുവനും തന്നെ അഭിമാനിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിന്റെ മുന്നില്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ മുഴുവന്‍ നോട്ടവും ഇപ്പോള്‍ ഭാരതത്തിന്റെ നേര്‍ക്കാണ്. എല്ലാവരും ഒക്‌ടോബര്‍ രണ്ടിന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കാനായി നടത്തുന്ന ജനമുന്നേറ്റത്തില്‍ ഭാഗമാകണമെന്നും മോഡി ആവശ്യപ്പെട്ടു.






