ബംഗാളില്‍ മന്ത്രവാദ ചികിത്സയ്ക്കിടെ ബാലന്‍ മരിച്ചു; മന്ത്രവാദിനി പിടിയില്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ നദിയാ ജില്ലയില്‍ മന്ത്രവാദ ചികിത്സയ്ക്കിടെ 10 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പോലീസ് മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ സഹോദരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പത്തു വയസ്സുള്ള തന്റെ മകന്‍ ജാന്‍ നബി ശെയ്ഖ് മന്ത്രവാദത്തിനിടെ മരിക്കുകയും ആറു വയസ്സുകാരനായി മറ്റൊരു മകന്‍ ജഹാംഗീര്‍ ശെയ്ഖ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണെന്നും അമ്മ അഫ്രീന ബിബിയാണ് പോലീസില്‍ പരാതി നല്‍കിയത്. മന്ത്രവാദിനി അല്‍പന ബിബിയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു മക്കളേയും ചികിത്സയ്ക്കായി സെപ്തംബര്‍ 22നാണ് മന്ത്രവാദിനിയുടെ അടുത്തെത്തിച്ചതെന്ന് മാതാപിതാക്കളായ അഫ്രീന ബിബിയും ഹലന്ദര്‍ ശെയ്ഖും പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് വിവരമറിയാനായി ചെന്നപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ തിളച്ച എണ്ണയും നെയ്യും മുളക് പൊടിയും ചേര്‍ത്ത് തേച്ചു പിടിപ്പിച്ചതിന്റെ പാടുകളാണ് കണ്ടത്. ഇതു കണ്ട് മക്കളെ വിട്ടുതരണമെന്ന് അമ്മ അഫ്രീന ആവശ്യപ്പെട്ടപ്പോള്‍ 10,500 രൂപ നല്‍കിയാല്‍ വിട്ടുതരാമെന്ന് മന്ത്രവാദിനി പറഞ്ഞു. പണമെടുക്കാനായി പോയി തിരിച്ചെത്തിയപ്പോള്‍ ബാലന്റെ മൃതദേഹമാണ് മന്ത്രവാദിനി തിരിച്ചു നല്‍കിയത്. സംഭവം പുറത്തു പറയാതിരിക്കാന്‍ 4000 രൂപയും വാഗ്ദാനം ചെയ്തു. ഇവിടെ നിന്നും രണ്ടു കുട്ടികളേയും മതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജാന്‍ നബി ശെയഖ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇളയ മകന്‍ ചികിത്സയിലാണ്.
 

Latest News