ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നതിനും ഒത്തു ചേരുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച വീണ്ടും കടുപ്പിച്ചു. ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുന്നതോടെ കൂടുതല്‍ രക്തമൊഴുകുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ യുഎന്‍ പ്രസംഗത്തിനു പിന്നാലെ പ്രതിഷേധങ്ങള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയത്. ഇംറാന്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനു പിന്നാലെ രാത്രിയില്‍ നൂറുകണക്കിന് ആളുകള്‍ ഇംറാന്‍ ഖാനെ പിന്തുണച്ച് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു. കശ്മീരിനെ സ്വതന്ത്രമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
നിയന്ത്രണം കടുപ്പിച്ചതു സംബനധിച്ച അറിയിപ്പു നല്‍കാന്‍ കഴിഞ്ഞ ദിവസം ശ്രീനഗറില്‍ പോലീസ് വാനില്‍ മൈക്ക് കെട്ടി അനൗണ്‍സ്‌മെന്റ് നടത്തി. പ്രതിഷേധങ്ങള്‍ ഉയരുന്നത് തടയാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്കെല്ലാം പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. മുള്ളുവേലികള്‍ ഉപയോഗിച്ച് ഇവിടങ്ങളിലേക്കുള്ള വഴി അടച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.