Sorry, you need to enable JavaScript to visit this website.

ബി.ജെ.പി-ബി.ഡി.ജെ.എസ്  ബന്ധം വഴിപിരിയലിന്റെ വക്കിൽ  

ആലപ്പുഴ- പരസ്പര വിശ്വാസം നഷ്ടമായ എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പി  ബി.ഡി.ജെ.എസ് ഭിന്നത രൂക്ഷം. ചെങ്ങന്നൂരിൽ തുടങ്ങിയ ഭിന്നത പാലായും പിന്നിട്ടതോടെ കൂടുതൽ വർധിച്ചു. 
ബി.ഡി.ജെ.എസ് വിശ്വസിക്കനാവാത്ത പാർട്ടിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുമ്പോൾ, വാക്കുപാലിക്കാത്തവരാണ് ബി.ജെ.പിയെന്നാണ് ബി.ഡി.ജെ.എസിന്റെ പരാതി. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയിട്ടും വാഗ്ദാനം ചെയ്ത ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കാത്തതാണ് തുഷാർ വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസിനെയും പ്രകോപിതരാക്കുന്നത്. ഇതോടെയാണ് അരൂരിൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ബി.ഡി.ജെ.എസ് എത്തിയതും. ചെക്ക് തട്ടിപ്പ് കേസിലെ തുഷാർ വെള്ളാപ്പള്ളിയുടെ ജയിൽ മോചനത്തിനായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും മറ്റൊരു കാരണമായി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ചു തുഷാർ വെള്ളാപ്പള്ളി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്ഥാനങ്ങൾ സംബന്ധിച്ച ഒരു ഉറപ്പും നൽകാൻ അമിത് ഷാ തയ്യാറായില്ലെന്നാണ് വിവരം. ഇതോടെയാണ് അരൂരിൽ മത്സരിക്കേണ്ടെന്ന അന്തിമതീരുമാനത്തിലേക്ക് ബി.ഡി.ജെ.എസ് എത്തിയത്. അരൂർ സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വവും എത്തി. 
മൂന്ന് സ്ഥാനാർഥികളെ ഉൾപ്പെടുത്തിയ പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അയക്കുകയും ചെയ്തു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ സ്ഥാനാർഥിയാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പാലായിലും ബി.ഡി.ജെ.എസ് വോട്ടുമറിച്ചെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസ് നിസഹകരിച്ചിരുന്നു. വിശ്വാസിക്കാൻ കൊള്ളാത്ത പാർട്ടിയായി മാറിയ ബി.ഡി.ജെ.എസിനെ ഇനിയും കൂടെ നിർത്താനാവില്ലെന്ന അഭിപ്രായക്കാരുടെ എണ്ണം ബി.ജെ.പിയിൽ വർധിച്ചിട്ടുണ്ട്.  

Latest News