Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

യുക്രെയിൻ വിവാദം; ട്രംപിന് തലയൂരുക എളുപ്പമല്ല 

വാഷിംഗ്ടൺ - എതിരാളിയെ കുരുക്കിലാക്കാൻ ഡോണൾഡ് ട്രംപ് യുക്രെയിൻ പ്രസിഡന്റിന്റെ സഹായം തേടിയെന്ന വെളിപ്പെടുത്തൽ ട്രംപിന്റെ യു.എസ് പ്രസിഡന്റ് സ്ഥാനനത്തിന് ഏറ്റവും ഗുരുതരമായ ഭീഷണിയായി മാറുന്നു. 
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണങ്ങളെ കുറിച്ച് നടത്തിയ അന്വേഷണം ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ തീർത്ത പ്രതിസന്ധിയേക്കാൾ ഗുരുതരമായ വെല്ലുവിളിയാണിതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
രാഷ്ട്രീയ എതിരാളി ജോ ബിഡനെ കുറിച്ച് അന്വേഷണം നടത്താൻ ജൂലൈ 25 ന് ട്രംപ് യുക്രെയിൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കിയോട് ആവശ്യപ്പെട്ടത് പ്രസിഡന്റ് നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ വ്യക്തമായ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. 
രഹസ്യ രേഖകൾ ചോർത്തി വിസിൽ ബ്ലോവറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രംപിനെ അധികാരത്തിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ രംഗത്തുവന്നതോടൊപ്പം ഭരണകക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങളിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിനിധി സഭയുടെ നീക്കത്തെ റിപ്പബ്ലിക്കൻ അംഗങ്ങളിൽ പലരും എതിർത്തിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം പ്രതികരിക്കാതെ വിട്ടുനിൽക്കുകയാണ്. 
തങ്ങൾ ഒരു യുദ്ധത്തിലാണെന്നും വിസിൽ ബ്ലോവർ മിക്കവാറും ഒരു ചാരനാണണെന്നും നയതന്ത്ര ഉദ്യോഗസ്ഥരോട് ട്രംപ് പറഞ്ഞത് അദ്ദേഹത്തിനു തന്നെ തിരിച്ചടിയിയായിരിക്കുന്നു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ സംബന്ധിച്ച് പ്രത്യേക കോൺസൽ റോബർട്ട് മുവല്ലർ നടത്തിയ അന്വേഷണത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് രണ്ട് കാരണങ്ങളാലാണ്. 2016 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടതിനെ മുവല്ലർ ട്രംപുമായി നേരിട്ട് ബന്ധപ്പെടുത്തിയിരുന്നില്ല. അന്വേഷണം തടയാൻ ട്രംപ് ശ്രമിച്ചുവെന്ന ആരോപണം പൂർണമായും ശരിവെക്കാനും റോബർട്ട് മുവെല്ലർ തുനിഞ്ഞില്ല. 
എന്നാൽ യുക്രെയിൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ തന്നെയാണ് തെളിവായി ഉള്ളത്. വിസിൽ ബ്ലോവർ നടത്തിയ വെളിപ്പെടുത്തൽ പൂർണമായും ശരിവെക്കുന്നതാണ് അഞ്ച് പേജ് വരുന്ന രേഖകൾ. മാധ്യമ വിവരങ്ങളോടൊപ്പം ചില സംഭവങ്ങൾ ചേർത്തുവെച്ചതല്ലാതെ വിസിൽ ബ്ലോവറുടെ വെളിപ്പെടുത്തലിൽ കാര്യമായൊന്നുമില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌റ്റെഫാനി ഗ്രിഷാം കഴിഞ്ഞ ദിവസം പറഞ്ഞത് പ്രസിഡന്റ് ട്രംപിന് ഒന്നും ഒളിക്കാൻ ഒന്നുമില്ലെന്നാണ്  വൈറ്റ് ഹൗസിന്റെ അവകാശവാദം.
ട്രംപിന്റെ യുക്രെയിൻ നടപടികളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാനും നോർത്ത് കരോലിന റിപ്പബ്ലിക്കൻ അംഗവുമായ റിച്ചാർഡ് ബർ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമുണ്ടോ അവയുടെ ഏറ്റവും അടിയിലുള്ള ഉത്തരം തന്നെ ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
അമേരിക്കയിലെ രാഷ്ട്രീയ കാമ്പയിനുകളിൽ വിദേശികൾ സംഭാവനകളർപ്പിക്കുന്നതും യു.എസ് രാഷ്ട്രീയക്കാർ വിദേശികളുടെ സഹായം തേടുന്നതും നിയമവിരുദ്ധമാണ്. 
2020 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വെല്ലുവിളി ഉയർത്തുന്ന മുൻനിരക്കാരനായ ജോ ബിഡനെതിരെ അന്വേഷണം നടത്താനാണ് ട്രംപ് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയോട്  ആവശ്യപ്പെട്ടത്. തന്റെ പ്രസിഡന്റ് പ്രചാരണത്തിൽ ട്രംപ് സാമ്പത്തികേതരമായ ഒരു സഹായം അഭ്യർഥിച്ചതായാണ് ഇതിനെ കണക്കാക്കുന്നത്. 
രാഷ്ട്രീയ എതിരാളിയെ കുരുക്കിലാക്കാൻ യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയെ വിളിച്ച് രഹസ്യമായി സഹായം തേടിയതിന്റെ ഫോൺ രേഖകൾ വൈറ്റ് ഹൗസ് അതീവ രഹസ്യമാക്കി വെക്കാൻ ശ്രമിച്ചതും വിവാദത്തിലാണ്. യു.എസിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഡോ ബിഡനെ കുരുക്കിലാക്കാൻ സഹായം തേടിയായിരുന്നു ട്രംപിന്റെ വിളി. ഈ ഫോൺ വിളിയുടെ രേഖകൾ സാധാരണ ഇവ സൂക്ഷിക്കുന്ന കംപ്യൂട്ടറിലല്ലെന്നും അതീവ രഹസ്യങ്ങൾ സൂക്ഷിക്കുന്ന മറ്റൊരു സിസ്റ്റത്തിലാണെന്നുമാണ് പുറത്തു വന്നിരിക്കുന്ന വിവരം. 
ആഭ്യന്തര രാഷ്ട്രീയ എതിരാളിക്കെതിരെ ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയ ട്രംപ് സൈനിക സഹായം ഉപയോഗിച്ച് വിലപേശൽ നടത്തുകയാണെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് നാൻസി പെലൊസി ആരോപിച്ചിരുന്നു. സെലൻസ്‌കിയെ വിളിക്കുന്നതിനു മുമ്പ് യുക്രെയിനുള്ള 400 മില്യൺ ഡോളറിന്റെ സൈനിക സഹായം താൻ നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നുവെന്ന് ട്രംപ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ജോ ബിഡനെതിരെ അന്വേഷണം നടത്താൻ യുക്രൈനെ സമ്മർദത്തിലാക്കാനായിരുന്നില്ല ഇതെന്നും ട്രംപ് പറയുന്നു.

 

Latest News