ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതിഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലാണ് അഞ്ചംഗ ബെഞ്ച്.
അടുത്ത മാസം ഒന്നു മുതല്‍ ഹരജികളില്‍ വാദം കേള്‍ക്കുമെന്നാണ് സൂചന. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ നടപടിക്ക് ഭരണഘടനാപരമായ സാധുതയുണ്ടോയെന്നാണ് ബെഞ്ച് പരിശോധിക്കുക. ഹരജികള്‍ പരിഗണിക്കാന്‍ അഞ്ചംഗം ഭരണഘടനാ ബെഞ്ചിനെ നിയോഗിക്കുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നു.
നാഷണല്‍ കോണ്‍ഫററന്‍സ് അടക്കമുള്ള കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് അനുഛേദം 370 റദ്ദാക്കിയതിനെതിരെ ഹരജികള്‍ ഫയല്‍ ചെയ്തത്. എല്ലാ ഹരജികളും ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക.
ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തേയും ഹരജികളില്‍ ചോദ്യം ചെയ്യുന്നണ്ട്. അടുത്ത മാസം 31 നാണ് കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരേണ്ടത്.
വധശിക്ഷയുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കാന്‍ മൂന്നംഗ ബെഞ്ചും രൂപീകരിച്ചിട്ടുണ്ട്. നികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള രണ്ട് ഡിവിഷന് ബെഞ്ചുകളും രൂപീകരിച്ചു.






