Sorry, you need to enable JavaScript to visit this website.

സുരക്ഷയൊരുക്കി അമേരിക്കൻ പാട്രിയറ്റ് സൗദിയിൽ 

റിയാദ്- സൗദി അറേബ്യയിൽ അമേരിക്ക പാട്രിയറ്റ് മിസൈൽ ബാറ്ററിയും നാലു റഡാർ സംവിധാനങ്ങളും 200 സൈനികരെയും വിന്യസിക്കുമെന്ന് പെന്റഗൺ അറിയിച്ചു. പ്രതിരോധ സ്വഭാവത്തോടെയുള്ള അമേരിക്കൻ സൈനികരെ സൗദിയിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിൽ പാട്രിയറ്റ് ബാറ്ററിയും റഡാർ സംവിധാനങ്ങളും സൈനികരെയും വിന്യസിക്കുമെന്ന് പെന്റഗൺ അറിയിച്ചത്. കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സൗദിയുടെ വ്യോമ പ്രതിരോധ ശേഷി ഉയർത്തുന്നതിന് അമേരിക്ക പാട്രിയറ്റ് മിസൈലുകളും റഡാർ സംവിധാനങ്ങളും സൈനികരെയും വിന്യസിക്കുന്നത്. സൗദിയിൽ കൂടുതൽ ആയുധങ്ങൾ വിന്യസിക്കുന്നതിന് തീരുമാനിക്കുന്ന പക്ഷം രണ്ടു പാട്രിയറ്റ് ബാറ്ററികളും താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സിസ്റ്റവും ഒരുക്കാൻ സുസജ്ജമാണെന്നും പെന്റഗൺ വക്താവ് ജോനാതൻ ഹോഫ്മാൻ പറഞ്ഞു. 
ആയുധ, സൈനിക വിന്യാസം സൗദി അറേബ്യയുടെ വ്യോമ, മിസൈൽ പ്രതിരോധ ശേഷി ഉയർത്തും. സൗദി അറേബ്യക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സൈനിക, ആയുധ വിന്യാസം. മേഖലയിലെ സഖ്യരാജ്യങ്ങളുടെയും മധ്യപൗരസ്ത്യ ദേശത്തെ സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ ചുവടുവെപ്പുകൾ തെളിയിക്കുന്നത്. മേഖലയിൽ ഇറാൻ നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങളെ മറ്റു രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്ന കാര്യത്തിലുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ഈ രാജ്യങ്ങളുടെ സംഭാവനകളും തങ്ങൾ പ്രതീക്ഷിക്കുന്നതായി പെന്റഗൺ വക്താവ് പറഞ്ഞു. 
സെപ്റ്റംബർ 14 ന് സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘം അന്വേഷണം നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡേവിഡ് ഷെൻകർ പറഞ്ഞു. ഗൾഫിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഖ്യസേന രൂപീകരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുമായി അമേരിക്ക ചർച്ചകൾ നടത്തിവരികയാണെന്നും ഡേവിഡ് ഷെൻകർ പറഞ്ഞു. 

Latest News