Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ഇ-വിസ ലഭിക്കാൻ ഇന്ത്യക്കാർ ചെയ്യേണ്ടത് 

റിയാദ്- സൗദിയിലേക്ക് ഇ-വിസ ലഭിക്കാൻ വിസ ലിസ്റ്റിൽ പെടാത്ത ഇന്ത്യക്കാരടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാർ ഏറ്റവും അടുത്ത സൗദി എംബസിയുമായി ബന്ധപ്പെട്ട് വിസ നടപടികൾ പൂർത്തിയാക്കണം. ആറു മാസമെങ്കിലും പാസ്‌പോർട്ട് കാലാവധിയുള്ളവർ കോൺസുലേറ്റിൽ വിസ ഫോം പൂരിപ്പിച്ച് നൽകണം. സ്‌പോൺസർ ആവശ്യമില്ലെങ്കിലും റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, തിരിച്ചറിയൽ രേഖ, എംപ്ലോയ്‌മെന്റ് പ്രൂഫ്, നാട്ടിലെ അഡ്രസ് എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ. സൗദിയിലെ അംഗീകൃത ഇൻഷുറൻസ് എടുക്കുകയും 300 റിയാൽ വിസ ഫീ അടക്കുകയും വേണം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
പതിനെട്ടിൽ കുറവ് പ്രായമുള്ളവരെ ഒറ്റക്ക് ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ രണ്ടുതരം വിസകളാണ് ഈ വിഭാഗത്തിലുള്ളത്. 30 ദിവസം താമസിക്കാവുന്നതാണ് സിംഗിൾ എൻട്രി. എന്നാൽ സൗദിയിൽ പ്രവേശിക്കാൻ 12 മാസം കാലാവധിയുള്ള മൾട്ടിപ്പിൾ വിസയിൽ ഒരു സന്ദർശനത്തിൽ 90 ദിവസം തുടർച്ചയായി തങ്ങാനാവും. അതേ വിസയിൽ ഒരിക്കൽ കൂടി വരാമെങ്കിലും 90 ദിവസത്തിലധികം താമസിക്കാനും പാടില്ല. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ ഓരോ ദിവസത്തിനും 100 റിയാൽ വീതം പിഴയടക്കേണ്ടിവരും.
അമുസ്‌ലിംകളായ ടൂറിസ്റ്റുകൾക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കുണ്ടാകും. ചികിത്സക്കായി പ്രയോജനപ്പെടുത്തുന്നതിനും ഹജ് കാലത്ത് ഹജും ഉംറയും നിർവഹിക്കുന്നതിനും ഈ വിസകളിലെത്തുന്നവരെ അനുവദിക്കില്ല. മറ്റു കാലങ്ങളിൽ ഉംറ നിർവഹിക്കുന്നതിന് തടസ്സമുണ്ടാകില്ല. ടൂറിസ്റ്റുകൾ സൗദിയിൽ എത്തിയാൽ സൗദി സംസ്‌കാരത്തിന് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടാനും പാടില്ല. സൗദി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ്, ഹോട്ടൽ, റസ്‌റ്റോറന്റ്, റെന്റ് എ കാർ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Latest News