Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് സ്വാഗതം; ഓൺലൈൻ ടൂറിസ്റ്റ് വിസ  പ്രാബല്യത്തിൽ

റിയാദ്- സമ്പന്ന പൈതൃകവും സംസ്‌കാരവും അത്യാകർഷകമായ ചരിത്രഭൂമികളും തൊട്ടറിയാൻ വിദേശികൾക്ക് അവസരം നൽകി ടൂറിസം വിസയുമായി സൗദി അറേബ്യ. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 49 രാജ്യങ്ങൾക്കാണ് ഇന്നലെ മുതൽ ഓൺലൈൻ വിസ ലഭ്യമായി തുടങ്ങിയത്. ഇന്ത്യക്കാർക്ക് ഇന്ത്യയിലെ സൗദി എംബസി, കോൺസുലേറ്റുമായി ബന്ധപ്പെട്ടാൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും. സൗദി വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ പൂർത്തിയായി.
സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ചെയർമാൻ അഹമ്മദ് അൽ കാതിബ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളെ സ്വീകരിക്കാൻ സൗദി സമൂഹം സജ്ജമായിക്കഴിഞ്ഞു. സന്ദർശകരെ മാത്രമല്ല നിക്ഷേപകരെയും രാജ്യം സ്വാഗതം ചെയ്യുന്നു. വിഷൻ-2030 സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ വൻ നിക്ഷേപാവസരങ്ങളാണ് സൗദിയിലുള്ളത്. നൂറ് മില്യൻ സന്ദർശകരെ സ്വീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇതിനായി അഞ്ചു ലക്ഷം പുതിയ ഹോട്ടൽ റൂമുകൾ രാജ്യത്തിനാവശ്യമാണ് -അദ്ദേഹം പറഞ്ഞു.
കാനഡ, അമേരിക്ക, സ്വിറ്റ്‌സർലന്റ്, അയർലാന്റ്, ലിച്‌ടെൻസ്‌റ്റൈൻ, ലിത്വാനിയ, മൊണാകൊ, അൻഡോറ, റഷ്യ, മാൾട്ട, മോണ്ടിനെഗ്രോ, സാൻ മറിനോ, ഉക്രൈൻ, യു.കെ, പോർച്ചുഗൽ, പോളണ്ട്, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, റുമാനിയ, സ്ലോവാക്യ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, സ്‌പെയിൻ, സ്വീഡൻ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാന്റ്, നോർവെ, ലക്‌സംബർഗ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, സ്ലൊവേനിയ, ഹോളണ്ട്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ബ്രൂണെ, ജപ്പാൻ, സിംഗപ്പുർ, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ, ചൈന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ 49 രാജ്യങ്ങൾക്കാണ് ഇ-വിസയും ഓൺ അറൈവൽ വിസയും ലഭ്യമാകുന്നത്. visa.visitsaudi.com എന്ന പോർട്ടൽ വഴി വിസക്കുള്ള അപേക്ഷ പൂരിപ്പിച്ച് പണമടച്ചാൽ ഇ-മെയിലിൽ ഓൺലൈൻ വിസ ലഭ്യമാകും. റിയാദ്, മദീന, ജിദ്ദ, ദമാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ബത്ഹ എൻട്രി പോർട്ട്, കിംഗ് ഫഹദ് കോസ്‌വേ എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ സ്ഥാപിച്ച വിസ കിയോസ്‌കുകൾ വഴിയാണ് ഈ രാജ്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കുക. അതിനുള്ള സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇ-മെയിൽ, വിദേശത്തെ മൊബൈൽ നമ്പർ എന്നിവ നൽകി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന പാസ്‌വേഡും ഇ-മെയിലും വഴിയാണ് പോർട്ടലിൽ കയറി വിസക്ക് അപേക്ഷിക്കേണ്ടത്. അഞ്ചു മുതൽ 30 മിനിറ്റിനകം വിസ ലഭിക്കും. വിസക്കും ഇൻഷുറൻസിനുമായി 440 റിയാലാണ് ഫീ ഈടാക്കുന്നത്. വിസ നിരസിക്കപ്പെട്ടാൽ പണം തിരിച്ചു ലഭിക്കില്ല. റിട്ടേൺ ടിക്കറ്റ്, വിസയുടെ പ്രിന്റൗട്ട് എന്നിവ അപേക്ഷക്ക് ആവശ്യമില്ല. ഹോട്ടൽ ബുക്കിംഗ് നിർബന്ധമില്ലെങ്കിലും ഹോട്ടലിന്റെ അഡ്രസ് അപേക്ഷയോടൊപ്പം കാണിക്കണം. ഇ-വിസക്ക് അർഹരാണോയെന്ന് എയർലൈൻ അധികൃതർ പരിശോധിച്ചുറപ്പുവരുത്തിയതിന് ശേഷമേ ഓൺലൈൻ വിസയെടുക്കാതെ വരുന്നവർക്ക് വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിന്ന് ബോർഡിംഗ് പാസ് നൽകുകയുള്ളൂ.
 

Latest News