Sorry, you need to enable JavaScript to visit this website.

എണ്ണ വില 150 ഡോളറില്‍ എത്തുമായിരുന്നു; തടഞ്ഞത് അറാംകോ

റിയാദ് - കിഴക്കൻ സൗദിയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 150 ഡോളറിലെത്തിക്കുമായിരുന്നെന്നും സൗദി അറാംകോ നടത്തിയ കഠിന പ്രയത്‌നങ്ങളാണ് ഈ സാഹചര്യം ഒഴിവാക്കിയതെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദനശേഷിയുടെ പകുതിയോളം ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ടിരുന്നു. 


പ്രതിദിന ഉൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവാണ് ആക്രമണങ്ങളുണ്ടാക്കിയത്. വലിയ തോതിലുള്ള കരുതൽ ശേഖരത്തിൽ നിന്ന് പിൻവലിച്ചും മറ്റു എണ്ണപ്പാടങ്ങളിൽ ഉൽപാദനം ഉയർത്തിയും ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങളിലുണ്ടായ തകരാറുകൾ റെക്കോർഡ് സമയത്തിനകം പരിഹരിച്ചും ആഗോള വിപണിയിൽ എണ്ണ ലഭ്യതക്കുറവ് നേരിടാതെ സൗദി അറാംകോ നോക്കുകയായിരുന്നു. ഇതാണ് എണ്ണ വില റോക്കറ്റ് പോലെ ഉയരാതെ നിർത്താൻ സഹായിച്ചത്. 

എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട അടുത്ത നടപടികളെ കുറിച്ച് സഖ്യരാജ്യങ്ങളുമായും സൗഹൃദ രാജ്യങ്ങളുമായും സൗദി അറേബ്യ കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. അന്വേഷണ ഫലം പുറത്തുവരുന്നത് സൗദി അറേബ്യ കാത്തിരിക്കുകയാണ്. ആക്രമണത്തിന് തിരിച്ചടി നൽകാതിരിക്കില്ല. 


ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ഇറാൻ വഹിക്കേണ്ടിവരും. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നിലേറെ ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഐക്യരാഷ്ട്രസഭ സൗദിയിലേക്ക് വിദഗ്ധരെ അയച്ചിട്ടുണ്ട്. മറ്റേതാനും രാജ്യങ്ങളും ഇതേ ലക്ഷ്യത്തോടെ വിദഗ്ധരെ അയച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം അന്വേഷണ ഫലം പുറത്തുവിടുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

 

Latest News