ജിദ്ദയില്‍ ബിനാമി എ.സി റിപ്പയറിംഗ്; വിദേശിയെ നാടുകടത്താന്‍ വിധി

ജിദ്ദ- ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ നാടുകടത്താൻ ജിദ്ദ ക്രിമിനൽ കോടതി വിധിച്ചു. 
ജിദ്ദയിൽ എയർ കണ്ടീഷനറുകളും റെഫ്രിജറേറ്റുകളും റിപ്പയർ ചെയ്യുന്ന വർക്ക്‌ഷോപ്പ്  നടത്തിയ പാക്കിസ്ഥാനി ആസിം മഖ്‌സൂദിനാണ് ശിക്ഷ. ബിനാമിയായി സ്ഥാപനം നടത്തുന്നതിന് പാക്കിസ്ഥാനിക്ക് കൂട്ടുനിന്ന സൗദി പൗരൻ അഹ്മദ് ബിൻ സഈദ് ബിൻ ഹാദി അൽഗാംദിയെയും കോടതി ശിക്ഷിച്ചു. 


ഇരുവർക്കും കോടതി പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തി. 
പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് പാക്കിസ്ഥാനിക്കും കോടതി വിലക്കേർപ്പെടുത്തി. 

സൗദി പൗരന്റെയും പാക്കിസ്ഥാനിയുടെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 

 

Latest News