Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ടൂറിസം മേഖലയില്‍ വന്‍ പദ്ധതികള്‍ വരുന്നു; 10,000 കോടിയുടെ നിക്ഷേപം

സൗദിയിൽ ടൂറിസം, ഹോട്ടൽ, അമ്യൂസ്‌മെന്റ് പദ്ധതികൾ നടപ്പാക്കുന്നതിന് ട്രിപ്പിൾ ഫൈവ് ഗ്രൂപ്പും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ)യും കരാർ ഒപ്പുവെച്ച ശേഷം.

റിയാദ് - ടൂറിസം മേഖലയിൽ പതിനായിരം കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്താൻ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളുമായി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് അറിയിച്ചു.

റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ വെച്ചാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്. 
സൗദിയിൽ 3,750 കോടി റിയാൽ ചെലവഴിച്ച് ഏതാനും ടൂറിസം പദ്ധതികളും ഹോട്ടൽ പദ്ധതികളും അമ്യൂസ്‌മെന്റ് പദ്ധതികളും നടപ്പാക്കുന്നതിന് ട്രിപ്പിൾ ഫൈവ് ഗ്രൂപ്പും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) യും കരാർ ഒപ്പുവെച്ചു. 


കൊമേഴ്‌സ്യൽ, അമ്യൂസ്‌മെന്റ് മാൾ നിർമിക്കുന്നതിന് മാജിദ് അൽഫുതൈം കമ്പനിയുമായി മറ്റൊരു കരാറും സാജിയ ഒപ്പുവെച്ചു. രണ്ടായിരം കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 12,000 തൊഴിലവസരങ്ങൾ ലഭിക്കും. ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് , ഐസ് പാർക്ക് എന്നിവ മാളിലുണ്ടാകും. ആതിഥേയ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ഓയോ റൂംസ് അടക്കം മൂന്നു കമ്പനികളുമായി 1,100 കോടി റിയാലിന്റെ ധാരണാപത്രങ്ങളും സാജിയ ഒപ്പുവെച്ചു. 


ഉത്തര സൗദിയിലെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനുള്ള കരാറും ലോകത്തെ ആഡംബര ടൂറിസം കേന്ദ്രമെന്നോണം ചെങ്കടൽ പദ്ധതി വിപണനം ചെയ്യുന്നതിനുള്ള ധാരണാപത്രവും അൽഉല റോയൽ കമ്മീഷനുമായി മറ്റൊരു കരാറും ദേശീയ വിമാന കമ്പനിയായ സൗദിയ ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു.

വാദി സ്വഫാറിൽ ഗോൾഫ് കോർട്ട് നിർമിക്കുന്നതിനുള്ള കരാർ, അൽബുജൈരി ഡിസ്ട്രിക്ടിൽ ഹോട്ടൽ നിർമിക്കുന്നതിനുള്ള കരാർ, റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കുള്ള കരാറുകൾ എന്നിവയും  സൗദി കമ്പനികളും വിദേശ കമ്പനികളും ഒപ്പുവെച്ചു. 

കരാർ ഒപ്പുവെക്കൽ ചടങ്ങിനിടെ സൗദിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ടൂറിസം അനുബന്ധ സേവനങ്ങൾ നൽകുന്നതിനും അയർലന്റിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള രണ്ടു കമ്പനികൾക്ക് സാജിയ ലൈസൻസുകൾ കൈമാറി. അൽശായിഅ് കമ്പനി, റാഡിസൺ ഹോട്ടൽസ്, ശുമൂൽ റിയൽ എസ്റ്റേറ്റ് കമ്പനി, സെറാ ഹോൾഡിംഗ് ഗ്രൂപ്പ് എന്നിവ അടക്കമുള്ള കമ്പനികൾ സൗദിയിൽ ടൂറിസം മേഖലയിൽ 3,625 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു. 


പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ടൂറിസം മേഖലയെ ആശ്രയിക്കുന്നതിനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ്  പുതിയ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് പത്തു ശതമാനമായി 2030 ഓടെ ഉയർത്തുന്നതിനും പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 


ലോകത്ത് ഏറ്റവും വലിയ വളർച്ചയുള്ള ടൂറിസം വിപണിയാണ് സൗദിയിലെതെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറഞ്ഞു. വൈകാതെ മറ്റേതാനും ആഗോള കമ്പനികളും സൗദിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയുടെ വളർച്ചയിൽ സ്വകാര്യ മേഖലക്ക് വലിയ പങ്ക് വഹിക്കുന്നതിന് സാധിക്കുമെന്ന് സാജിയ ഗവർണർ എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. പ്രാദേശിക, വിദേശ നിക്ഷേപകർക്ക് സാജിയ പിന്തുണയും സഹായങ്ങളും നൽകുന്നു. സുസ്ഥിരവും വൈവിധ്യവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്ന ദിശയിൽ സാജിയയും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജും ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും വലിയ കുതിച്ചുചാട്ടമാണെന്നും എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. 


സൗദി വിപണിയിലേക്ക് മികച്ച നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വലിയ തോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പാക്കിവരികയാണ്. ഇതിന്റെ ഫലമായി വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് പ്രവഹിക്കുന്നുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ 291 വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും സാജിയ ലൈസൻസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികവും ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 103 ശതമാനവും കൂടുതലാണിത്. രണ്ടാം പാദത്തിലെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം ശരാശരി അഞ്ചു വിദേശ നിക്ഷേപ ലൈസൻസുകൾ വീതം സാജിയ അനുവദിച്ചതായാണ് കണക്ക്. 

Latest News