മക്ക- വിശുദ്ധ ഉംറ നിർവഹിക്കുന്നതിനായി പാലിയേറ്റീവ് വാട്‌സ്ആപ് കൂട്ടായ്മ വഴി മക്കയിൽ എത്തിയ ഭിന്നശേഷിക്കാരനായ തീർഥാടകൻ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പിലാക്കൽ സ്വദേശി ജലീൽ (40) അജ്‌യാദ് എമർജൻസി ആശുപത്രിയിൽ മരിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
പൂക്കോട്ടൂർ പിലാക്കൽ സ്വദേശി പരേതനായ പരി ഉണ്ണീൻ, മാളിയേക്കൽ സുബൈദ ദമ്പതികളുടെ മകനാണ്. സിറാജുദ്ദീൻ ശാക്കിറ എന്നിവർ സഹോദരങ്ങളാണ്. കോട്ടക്കൽ അൽഹിന്ദ് ട്രാവൽസ് മുഖേനയെത്തിയ 49 ഭിന്നശേഷിക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉംറ നിർവഹിക്കാൻ സാധിക്കുന്നതിന് മുമ്പായിരുന്നു അബ്ദുൽ ജലീലിന്റെ മരണം. മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി നേതാവ് മുജീബ് പുക്കോട്ടൂർ അറിയിച്ചു.






