Sorry, you need to enable JavaScript to visit this website.

'രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കൂ'; രജനികാന്തിനും കമല്‍ഹാസനും ചിരഞ്ജീവിയുടെ ഉപദേശം

ഹൈദരാബാദ്- സിനിമാ ലോകത്തു നിന്നും രാഷ്ട്രീയത്തില്‍ ശക്തി പരീക്ഷണത്തിന് തയാറെടുക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിനും കമല്‍ഹാസനും രാഷ്ട്രീയം പയറ്റി അമളി പിണഞ്ഞ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഉപദേശം. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കൂ എന്ന്. ലോലഹൃദയരായ മനുഷ്യര്‍ക്കുള്ളതല്ല രാഷ്ട്രീയമെന്നും ഈ രംഗത്തു നിന്ന് മാറി നില്‍ക്കണമെന്നും തെന്നിന്ത്യയിലെ നടന കുലപതികളോട് ചിരഞ്ജീവി പറഞ്ഞു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയില്‍ ഒന്നാം നമ്പറായി നില്‍ക്കുമ്പോഴാണ് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം പറയുന്നു. 

രാഷ്ട്രീയമെന്നാല്‍ ഇന്ന് എല്ലാ പണമാണ്. കോടിക്കണക്കിന് രൂപ മുടക്കിയാണ് സ്വന്തം മണ്ഡലത്തില്‍ എന്നെ തോല്‍പ്പിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്റെ സഹോദരന്‍ പവന്‍ കല്യാണിനും ഇതു തന്നെ സംഭവിച്ചു. രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുക എന്നാല്‍ പരാജയവും നിരാശയും അപമാനവും എല്ലാം അഭിമുഖീകരിക്കേണ്ടി വരും. രാഷ്ട്രീയത്തില്‍ തുടരാണാണ് രജനിയുടേയും കമലിന്റേയും തീരുമാനമെങ്കില്‍ അവര്‍ വെല്ലുവിളികളേയും നിരാശകളേയും നേരിടാനുള്ള ശേഷി കൂടി ആര്‍ജ്ജിച്ചെടുത്തിട്ടുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും ചിരഞ്ജീവി പറഞ്ഞു. 

2008ല്‍ പ്രജാ രാജ്യം പാര്‍ട്ടി രൂപീകരിച്ച് ആന്ധ്രാ പ്രദേശില്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ചിരഞ്ജീവിക്ക് ആദ്യ തവണ 294ല്‍ വെറും 18 സീറ്റു മാത്രമാണ് ജയിക്കാനായത്. തിരുപ്പതിയും സ്വന്തം നാടായ പാലാകോളിലും മത്സരിച്ചെങ്കിലും രണ്ടിടത്തും ചിരഞ്ജീവി തോറ്റിരുന്നു. പാര്‍ട്ടിയെ പിന്നീട് കോണ്‍ഗ്രസില്‍ ലയിപ്പിച്ച് കേന്ദ്ര മന്ത്രിയുമായിട്ടുണ്ട് ചിരഞ്ജീവി. പീന്നീട് സജീവ രാഷ്ട്രീയം വിടുകയായിരുന്നു.
 

Latest News