Sorry, you need to enable JavaScript to visit this website.

'വ്യാജ ഏറ്റമുട്ടലില്‍ പങ്ക്'; സിബിഐ ഉന്നതനെതിരെ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥന്റെ കത്ത്

ന്യൂദല്‍ഹി- സിബിഐ ജോയിന്റ് ഡയറക്ടര്‍ എ.കെ ഭട്‌നഗറിന് ജാര്‍ഖണ്ഡില്‍ 14 നിരപരാധികള്‍ക്കെതിരെ നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്നാരോപിച്ച് സിബിഐ ഡിഎസ്പി എന്‍ പി മിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. ഭട്‌നഗറിനെ സിബിഐ ചുമതലയില്‍ നിന്ന് പുറത്താക്കണമെന്നും കത്തില്‍ മിശ്ര ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്കു പുറമെ നടപടി ആവശ്യപ്പെട്ട് സിബിഐ മേധാവിക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷനും മിശ്ര ഈ കത്തയച്ചിട്ടുണ്ട്.

'ജാര്‍ഖണ്ഡില്‍ 14 നിരപരാധികള്‍ക്കെതിരെ നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ സിബിഐ അഡ്മിന്‍ വിഭാഗം ജോയിന്റ് ഡയറക്ടറായ ഭട്‌നഗറിന് വലിയ പങ്കുണ്ട്. ഇതു സംബന്ധിച്ച കേസ് സിബിഐ എസ് സി-I ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്,' സെപ്തംബര്‍ 25ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മിശ്ര പറയുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് അഞ്ചു പേജുള്ള മറ്റൊരു പരാതിയാണ് മിശ്ര നല്‍കിയിട്ടുള്ളത്. 

വ്യാജ ഏറ്റുമുട്ടലില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങളും നേരത്തെ ഈ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിവിധ അഴിമതികളില്‍ ഭട്‌നഗറിന് ബന്ധമുണ്ടെന്നും നിരവധി പേര്‍ ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മിശ്ര പറയുന്നു. മിശ്രയുടെ കത്തിനോട് സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


 

Latest News