Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടൂറിസ്റ്റ് വിസ ഇന്നു മുതൽ 

റിയാദ്- ലോക ടൂറിസം ദിനം ആഘോഷിക്കുന്ന ഇന്ന് സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 49 രാജ്യക്കാർക്ക് മുൻകൂട്ടി വിസ നേടാതെ സൗദി അറേബ്യ സന്ദർശിക്കുന്നതിനും ഇന്നു മുതൽ അവസരം ഒരുങ്ങും. യൂറോപ്പിൽ നിന്നുള്ള 38 ഉം ഏഷ്യയിൽ നിന്നുള്ള ഏഴും ഉത്തര അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള രണ്ടു വീതം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് മുൻകൂട്ടി വിസ നേടാതെ സൗദി അറേബ്യ സന്ദർശിക്കാൻ അവസരമുണ്ടാവുക. 
ഏഷ്യയിൽനിന്ന് ബ്രൂണെ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ, ചൈന, ഉത്തര അമേരിക്കയിൽനിന്ന് കാനഡ, അമേരിക്ക, ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യൂറോപ്പിൽനിന്ന് ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്‌ടെൻസ്റ്റൈൻ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, ഹോളണ്ട്, നോർവെ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, അയർലാന്റ്, മൊണാകൊ, ഉക്രൈൻ, ഇംഗ്ലണ്ട്, ബൾഗേറിയ, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ്, അൻഡോറ, റഷ്യ, മോണ്ടിനെഗ്രോ, സാൻ മറിനോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഓൺഅറൈവൽ വിസ അനുവദിക്കുക. 
ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലായിരിക്കും. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി 140 റിയാലും ടൂറിസ്റ്റുകൾ വഹിക്കണം. ഇതോടൊപ്പം മൂല്യവർധിത നികുതിയും വിസാ പ്രോസസിംഗ് നിരക്കും വഹിക്കേണ്ടിവരും. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ കാലാവധി 360 ദിവസമാകും. ഓരോ തവണയും സൗദി അറേബ്യ സന്ദർശിക്കുമ്പോൾ പരമാവധി 90 ദിവസം രാജ്യത്ത് തങ്ങുന്നതിനാകും അനുമതിയുണ്ടാവുക. ഒരു വർഷത്തിൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് തങ്ങുന്ന ആകെ കാലം 180 ദിവസത്തിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. 
ജിദ്ദ, റിയാദ്, ദമാം, മദീന എയർപോർട്ടുകളിൽ നിന്നും കിംഗ് ഫഹദ് കോസ്‌വേയിൽനിന്നും ഓൺഅറൈവൽ വിസ ലഭിക്കും. മിനിറ്റുകൾക്കകം വിസ നേടുന്നതിന് ടൂറിസ്റ്റുകളെ സഹായിക്കുന്ന മെഷീനുകൾ ഇവിടങ്ങളിൽ സ്ഥാപിക്കും. മറ്റു രാജ്യക്കാർ വിദേശങ്ങളിലെ സൗദി എംബസികളിൽനിന്നും കോൺസുലേറ്റുകളിൽ നിന്നും മുൻകൂട്ടി ടൂറിസ്റ്റ് വിസ സമ്പാദിക്കണം. അമുസ്‌ലിംകളായ ടൂറിസ്റ്റുകൾക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കുണ്ടാകും. പതിനെട്ടിൽ കുറവ് പ്രായമുള്ളവരെ ഒറ്റക്ക് ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. രാജ്യത്ത് ചികിത്സ പ്രയോജനപ്പെടുത്തുന്നതിന് ടൂറിസ്റ്റ് വിസകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും. ഹജ് കാലത്ത് ഹജും ഉംറയും നിർവഹിക്കുന്നതിനും ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ അനുവദിക്കില്ല. എന്നാൽ മറ്റു കാലങ്ങളിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഉംറ നിർവഹിക്കാവുന്നതാണ്. വനിതാ ടൂറിസ്റ്റുകൾ മാന്യമായ വേഷവിധാനങ്ങൾ പാലിക്കലും നിർബന്ധമാണ്.
 

Latest News