കണ്ണൂർ- കശ്മീർ വിഷയത്തിൽ ന്യൂനപക്ഷ ഏകീകരണമെന്ന രാഷ്ട്രീയ ലക്ഷ്യവുമായി സി.പി.എം നേതൃത്വത്തിൽ ലഘു പുസ്തക വിതരണം. 'കശ്മീർ വഞ്ചിക്കപ്പെട്ടു ഭരണഘടന അട്ടിമറിക്കപ്പെട്ടു' എന്ന പേരിലാണ് പതിനഞ്ച് പേജുള്ള ചെറു പുസ്തകം ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്കു മാത്രമായി വിതരണം ചെയ്യുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പേരിൽ കണ്ണൂരിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, ഒരു പ്രദേശത്തുള്ള എല്ലാ വീടുകളിലും നൽകാതെ പ്രത്യേക മത വിഭാഗങ്ങളുടെ വീടുകളിൽ മാത്രമാണ് ലഘു പുസ്തകം വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.
കശ്മീരിന് എന്തുകൊണ്ട് പ്രത്യേക പദവി നൽകി, മഹാരാജാവിനെ പിന്തുണച്ചവർ ആരൊക്കെ, എന്താണ് ആർട്ടിക്കിൾ-370 ഉം, 35 എ-യും, എന്നാണ് അവ ഉണ്ടാക്കിയത്?, പ്രത്യേക പദവി കശ്മീരിന് മാത്രമോ, അനുേഛദം-370 തീവ്രവാദത്തിനും കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകൾക്കും കാരണമാകുന്നുവോ? തുടങ്ങി എട്ടു ചോദ്യങ്ങളും വിവരണങ്ങളുമാണ് പുസ്തകത്തിലുള്ളത്. നമ്മൾ കണ്ടതുപോലെ ഹിന്ദുത്വ വർഗീയ ശക്തികൾ തുടക്കം മുതൽ തന്നെ ഫ്യൂഡൽ വാഴ്ചക്കെതിരെ നാഷണൽ കോൺഫറൻസ് നേതൃത്വം നൽകിയ പ്രക്ഷോഭത്തിന് എതിരായിരുന്നു. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര പിന്തുണയുള്ള ജനസംഘവും അതിന്റെ ഇപ്പോഴത്തെ രൂപമായ ബി.ജെ.പിയും ഇന്ത്യൻ ഭൂരിപക്ഷ കേന്ദ്രീകൃത കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ളതും ഏതെങ്കിലും തരത്തിലുള്ള സ്വയംഭരണാവകാശത്തെ എതിർക്കുന്നതുമാണ്. അവരുടെ ശത്രുത തീർച്ചയായും മുളച്ചു വന്നത് കശ്മീർ താഴ്‌വര ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് എന്ന വസ്തുതയിൽ നിന്നാണ്. ആർ.എസ്.എസിനും മോഡി-ഷാ ദ്വന്ദ്വത്തിനും കശ്മീർ എന്നത് അഖണ്ഡ ഭാരതത്തിന് അവകാശപ്പെട്ട ഒരു തുണ്ട് ഭൂമി മാത്രമായി കണ്ട് അവിടുത്തെ ജനങ്ങളെ മുസ്‌ലിമായതുകൊണ്ട് അന്യരായി കാണുകയും ചെയ്യുന്നു. ജമ്മു കശ്മീരിന്റെ അവകാശങ്ങൾക്ക് മേലുള്ള ആക്രമണം കേന്ദ്രീകൃത ഏകാധിപത്യ പ്രവണതയുടെ ഭാഗമാണെന്നും സി.പി.എം ഇതിനെതിരെ പോരാടുമെന്നും ഈ പുസ്തകത്തിൽ പറയുന്നു. ജമ്മു കശ്മീരിൽ ജനാധിപത്യം, സമ്പൂർണ സ്വയംഭരണാവകാശം, സംസ്ഥാന പദവി എന്നിവ നൽകുക... എന്നും പുസ്തകത്തിന് പുറത്ത് ചേർത്തിട്ടുണ്ട്. കണ്ണൂർ കോ-ഓപറേറ്റിവ് പ്രസ്സിൽ നിന്നാണ് അടിച്ചതെങ്കിലും എത്ര കോപ്പി അടിച്ചുവെന്നതും തീയതിയും ചേർത്തിട്ടില്ല.






