കര്‍ണാടകയില്‍ 15 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റി

ന്യൂദല്‍ഹി- കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ പ്രതിനിധീകരിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയില്‍ തീരുമാനമായതിന് ശേഷമാകും ഇനി തെരഞ്ഞെടുപ്പ് നടത്തുക.
സ്വന്തം തീരുമാനപ്രകാരം രാജി നല്‍കിയതാണെന്നും ഇത് സ്വീകരിക്കാതെ സ്പീക്കര്‍ അയോഗ്യരാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹരജി നല്‍കിയിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹരജി കേട്ട് തീര്‍പ്പു കല്‍പ്പിക്കുമെന്നും ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. അപ്പോഴാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാമെന്ന് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വ്യക്തമാക്കിയത്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം. ഒക്‌ടോബര്‍ 21-നാണ് നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഹരജി ഒക്ടോബര്‍ 22ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂലൈയിലാണ് 17 ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെക്കുകയും കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തത്. തുടര്‍ന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

 

 

Latest News