Sorry, you need to enable JavaScript to visit this website.

ട്രംപ് യുക്രൈന്‍ പ്രസിഡന്റിനെ വിളിച്ച രേഖകള്‍ രഹസ്യമായി പൂട്ടിവെക്കാന്‍ വൈറ്റ് ഹൈസ് ശ്രമിച്ചെന്ന്

വാഷിങ്ടണ്‍- രാഷ്ട്രീയ എതിരാളിയെ കുരുക്കിലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദ്മിര്‍ സെലന്‍സ്‌കിയെ വിളിച്ച് രഹസ്യമായി സഹായം തേടിയതിന്റെ ഫോണ്‍ രേഖകള്‍ വൈറ്റ് ഹൗസ് അതീവ രഹസ്യമാക്കി പൂട്ടിവെക്കാന്‍ ശ്രമിച്ചെന്ന് പരാതി. യുഎസില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാന്‍ സാധ്യതയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഡോ ബിഡനെ കുരുക്കിലാക്കാന്‍ സഹായം തേടിയായിരുന്നു ട്രംപിന്റെ വിളി. ഇത് യുഎസില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഫോണ്‍ വിളിയുടെ രേഖകള്‍ സാധാരണ ഇവ സൂക്ഷിക്കുന്ന കംപ്യൂട്ടറിലല്ലെന്നും അതീവ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മറ്റൊരു സിസ്റ്റത്തിലാണെന്നുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. 

ട്രംപിന്റെ രഹസ്യ വിളി പുറത്തു വന്നതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റിനെതിരെ ഇംപീച്‌മെന്റ് നീക്കങ്ങളാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്രംപിനെതിരെ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ആഭ്യന്തര രാഷ്ട്രീയ എതിരാളിക്കെതിരെ ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയ ട്രംപ് സൈനിക സഹായം ഉപയോഗിച്ച് വിലപേശല്‍ നടത്തുകയാണെന്ന് മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലൊസി ആരോപിച്ചിരുന്നു. സെലന്‍സ്‌കിയെ വിളിക്കുന്നതിനു മുമ്പ് യുക്രൈനുള്ള 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം താന്‍ നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നുവെന്ന് ട്രംപ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജോ ബിഡനെതിരെ അന്വേഷണം നടത്താന്‍ യുക്രൈനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നില്ല ഇതെന്നും ട്രംപ് പറയുന്നു.
 

Latest News